ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ 24 മണിക്കൂറും ലഭ്യമാകുന്ന സൗജന്യ ആംബുലന്‍സ് സര്‍വീസിന് തുടക്കമായി. മൂന്ന് ആംബുലന്‍സുകളാണ് ഹൈദരാബാദിലെ ഗാന്ധിഭവനില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായവര്‍ക്ക് സൗജന്യ ആംബുലന്‍സ് സംവിധാനം ഉപകാരപ്പെടുമെന്ന് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉത്തം കുമാര്‍ പറഞ്ഞു. ആവശ്യക്കാര്‍ക്ക് 24601254 എന്ന നമ്പറിലേക്ക് വിളിക്കാം. ഹൈദരാബാദിന് 50 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്കാകും ഈ സൗകര്യം ലഭ്യമാകുകയെന്ന് എംഎല്‍എ ജഗ്ഗ റെഡി വ്യക്തമാക്കി.
Read more: തെലങ്കാനയിൽ ക്രയോജനിക് ഓക്‌സിജൻ ടാങ്കറുകൾ ഇറക്കുമതി ചെയ്‌തു
കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍-പ്രതിരോധ മരുന്ന് വിതരണവും പ്ലാസ്‌മ ദാനവും നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഗാന്ധിഭവനില്‍ പ്രത്യേകമായി കൊവിഡ് കണ്‍ട്രോള്‍ റൂമും ക്രമീകരിച്ചിട്ടുണ്ടെന്നും ഉത്തം കുമാര്‍ പറഞ്ഞു. കണ്‍ട്രോള്‍ റൂം വഴി ആവശ്യക്കാര്‍ക്ക് സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടേയും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലാണ് കോണ്‍ഗ്രസിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.