പനാജി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ രാത്രി 7 മണി മുതൽ മെയ് 3 രാവിലെ വരെ ഗോവയിൽ ലോക്ക് ഡൗൺ. അവശ്യ സേവനങ്ങളെയും വ്യവസായങ്ങളെയും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നാളെ മുതൽ അടുത്ത തിങ്കളാഴ്ച വരെ നീളുന്ന നിയന്ത്രണങ്ങളിലൂടെ കൊവിഡ് ശൃംഖല തകർക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ലോക്ക് ഡൗണിൽ വ്യാവസായിക സേവനങ്ങൾക്ക് വിലക്കില്ലെങ്കിലും ആഴ്ചകൾ തോറും വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ചന്തകൾക്ക് അനുമതി നൽകിയിട്ടില്ല. തിങ്കളാഴ്ച രാവിലെ വരെയാണ് നിയന്ത്രണങ്ങൾ എന്നതിനാൽ ദൈനംദിന തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ നിർദേശങ്ങൾ വിശദീകരിച്ച് ഇന്ന് വൈകുന്നേരത്തോടെ സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈ ആഴ്ചയിലെ ഗോവയിൽ വൈറസ് ബാധിച്ചവരുടെ പ്രതിദിന കണക്ക് രണ്ടായിരത്തിലധികമാണ്. രോഗ ലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ മുൻകരുതലുകളും ചികിത്സയും ആരംഭിക്കണം. പരിശോധന ഫലത്തിനായി കാത്തിരിക്കാതെ പരിശോധന സമയത്ത് തന്നെ മരുന്ന് നൽകുന്ന പുതിയ ചികിത്സാനടപടികൾ ഗോവ സർക്കാർ സ്വീകരിച്ചിരുന്നു. ലോക്ക് ഡൗൺ സമയത്ത് വാക്സിനേഷൻ സൗകര്യമുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: ഗോവയിൽ 2,110 പേർക്ക് കൂടി കൊവിഡ്