ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. നിലവിൽ 494 പോസിറ്റീവ് കേസുകളാണ് ഡല്‍ഹിയിലുള്ളത്. ഇത് 2020 മെയ് 17 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണ്. ദേശീയ തലസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 0.3 ശതമാനമായി ഉയർന്നിട്ടുണ്ട്. അതായത് ആയിരത്തിൽ ഏഴ് പേര്‍ക്ക് മാത്രമേ കൊവിഡ് പോസിറ്റീവ് ആകുന്നുള്ളൂ. എങ്കിലും കൂടുതല്‍ പേരില്‍ പരിശോധന നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം എല്ലാവരും മാസ്ക് ധരിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
ഘട്ടം ഘട്ടമായി വാക്സിനേഷൻ പ്രക്രിയയ്ക്ക് ദേശീയ തലസ്ഥാനം തയ്യാറാണ്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും വാക്സിനേഷൻ നൽകും. ഡല്‍ഹിയില്‍ മൂന്ന് ലക്ഷം ആരോഗ്യ പ്രവർത്തകരും ആറ് ലക്ഷം ഫ്രണ്ട് ലൈൻ തൊഴിലാളികളുമുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ എന്നിവയുള്‍പ്പടെ ദേശീയ തലസ്ഥാനത്തുടനീളം ഡ്രൈ റണ്‍ നടത്തി. വാക്സിനേഷൻ പ്രക്രിയയ്ക്കായി 1,000 കേന്ദ്രങ്ങള്‍ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഇതിൽ 500 മുതൽ 600 വരെ കേന്ദ്രങ്ങള്‍ ആദ്യ ഘട്ടത്തിൽ ആരംഭിക്കുമെന്നും സത്യേന്ദർ ജെയിൻ അറിയിച്ചു.