ന്യൂഡല്‍ഹി: സിബിഎസ്ഇ പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചയ്ക്ക് ഉന്നതതല യോഗം ചേരും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാൽ, വിദ്യാഭ്യാസ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ അന്തിമ തീരുമാനം ഇന്ന് പ്രതീക്ഷിക്കാം. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും, രക്ഷിതാക്കളും, രാഷ്ട്രീയ നേതാക്കളുമുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കൂടുതല്‍ വായനയ്ക്ക്: സിബിഎസ്ഇ പരീക്ഷകള്‍ മാറ്റണം ; കേന്ദ്രത്തിന് പ്രിയങ്കയുടെ കത്ത്
ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയ്ക്ക് ഹാജരാകുന്നത്. സിബിഎസ്ഇയുടെ 2021ലെ പുതുക്കിയ തിയതി പ്രകാരം പത്താം ക്ലാസ് പരീക്ഷ മെയ് 4നും ജൂൺ 7നും ഇടയിലാണ് നടക്കുക. പ്ലസ് ടു പരീക്ഷകൾ മെയ് 4 നും ജൂൺ 15 നും ഇടയിൽ നടക്കും. അതേസമയം വിദ്യാർഥികൾക്കിടയിലെ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് രാജ്യത്തുടനീളമുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ 40-50 ശതമാനം വർധിപ്പിച്ചതായി സിബിഎസ്‌ഇ അധികൃതർ അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.84 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റ ദിവസത്തിനിടെ 1,000 പേരാണ് രോഗം ബാധിച്ച് മരിച്ചത്.