മുംബൈ: കൊവിഡ് വ്യാപനം തടയാന്‍ മുംബൈ നഗരത്തിൽ വാരാന്ത്യ ലോക്ക്ഡൗൺ. വെള്ളിയാഴ്ച രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 7 വരെയാണ് വാരാന്ത്യ അടച്ചിടല്‍. ഭക്ഷണം, അവശ്യസാധനങ്ങൾ എന്നിവയുടെ ഹോം ഡെലിവറിക്ക് ഇളവുണ്ട്. പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികള്‍ക്കും നിയന്ത്രണങ്ങളില്‍ ആനുകൂല്യമുണ്ട്.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച സൂചിപ്പിച്ചിരുന്നു. ഞായറാഴ്ച ടാസ്‌ക് ഫോഴ്‌സുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം.
99,000 ഡോസ് കൊവിഷീൽഡ് വാക്സിൻ നാഗരിക, സർക്കാർ വാക്സിൻ കേന്ദ്രങ്ങൾക്ക് വിതരണം ചെയ്യും. തീർന്നതുകാരണം നഗരത്തിലെ 75 കേന്ദ്രങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് വെള്ളിയാഴ്ച താൽക്കാലികമായി നിർത്തിയിരുന്നു.
മുംബൈയിൽ ഇന്നലെ 9,327 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം കേസുകളുടെ എണ്ണം 5,10,225 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,301 പുതിയ കൊവിഡ് കേസുകളും 301 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 5,36,063 സജീവ കേസുകളുണ്ട്. 26,95,148 പേർ രോഗമുക്തി നേടി. 57,329 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.