ന്യൂഡല്‍ഹി: റഷ്യൻ വാക്സിൻ സ്‌പുട്‌നിക് വി യുടെ അടിയന്തിര ഉപയോഗ അംഗീകാര അപേക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്‍റെ (സിഡിഎസ്കോ) സബ്‌ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) ഇന്ന് യോഗം ചേരും.
ഇന്ത്യയിലെ വാക്‌സിന്‍ നിർമ്മാതാക്കളായ ഡോ. റെഡ്ഡീസ് മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ സുരക്ഷയും രോഗപ്രതിരോധ ഡാറ്റയും ഇതിനകം കമ്മിറ്റിക്ക് മുന്‍പാകെ സമർപ്പിച്ചിട്ടുണ്ട്. 2020 സെപ്റ്റംബറില്‍ ഡോ. റെഡ്ഡി റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ടുമായി ചേര്‍ന്ന് സ്‌പുട്‌നിക് വി യുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഗമാലേയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്‌സിൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 11ന് റഷ്യയിലെ ആരോഗ്യ മന്ത്രാലയമാണ് രജിസ്റ്റർ ചെയ്തത്.
അതേസമയം ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ ഏഴു കൊവിഡ് വാക്‌സിൻ അപേക്ഷകർ ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. ദില്ലി ഹാർട്ട് ആന്‍റ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൊവിഡ് വാക്‌സിനിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷമാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ഇന്ത്യയിൽ ഇതിനകം കൊവാക്സിൻ, കൊവിഷീൽഡ് എന്നീ രണ്ട് അംഗീകൃത വാക്‌സിനുകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ട്.