ന്യൂഡൽഹി: കൊവിഡ് വാക്സിൻ ലഭ്യമായാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകളിലേക്കും വാക്സിൻ എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ഒരുക്കിയെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ. വാക്സിൻ സൂക്ഷിക്കാൻ ആവശ്യത്തിലധികം ആരോഗ്യ കേന്ദ്രങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. രാജ്യ തലസ്ഥാനം എന്ന നിലയിൽ വാക്സിൻ ലഭ്യമായാൽ ഡൽഹിയെ ആദ്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിൻ ലഭ്യമായാൽ ഒരു മാസത്തിനുള്ളിൽ തന്നെ ഡൽഹിയിൽ എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുമെന്ന് ഡൽഹി രോഗപ്രതിരോധ ഓഫീസർ സുരേഷ് സേത്ത് പറഞ്ഞതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയും സമാനമായ പ്രതികരണവുമായി രംഗത്തെത്തിയത്.
നവംബർ 7ന് ശേഷം ഡൽഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 45 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും ജെയിൻ പറഞ്ഞു. ഡൽഹിയിൽ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്നും പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ ഏഴു ദിവസമായി 7,000ൽ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.