റാഞ്ചി: രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ജവാൻമാരുടെ സുരക്ഷ കണക്കിലെടുത്ത് പുതിയൊരു പരിശീലനവുമായി അതിർത്തി സുരക്ഷാ സേന (ബിഎസ്‌എഫ്). ജാർഖണ്ഡിലെ ഹസാരിബാഗിലെ ബിഎസ്എഫ് മെരു ക്യാമ്പിലാണ് ജവാൻമാർക്ക് വ്യത്യസ്‌തമായൊരു പരിശീലനം നൽകുന്നത്. കൊവിഡിനെ ചെറുക്കാൻ നിരന്തരമായി നീരാവി ശ്വസിക്കാനുള്ള സംവിധാനമാണ് ക്യാമ്പ് അധികൃതർ സൈനികർക്കായി ഒരുക്കിയിട്ടുള്ളത്. ഇതിനായി പ്രഷർ കുക്കറുകളിൽ നിന്ന് ഗാൽവാനൈസ്‌ഡ് അയൺ പൈപ്പുകളിലൂടെ നീരാവി സംപ്രേഷണം ചെയ്‌തിട്ടുണ്ട്. ഒരേസമയം എട്ടുപേർക്ക് ഇതിൽ നിന്നും നീരാവി ശ്വസിക്കാൻ കഴിയും.
ആവി ശ്വസിക്കുന്നത് വളരെ നല്ലൊരു വീട്ടു വൈദ്യമാണെന്നും ഈ പരീക്ഷണം ഫലപ്രദമാണെന്നും ക്യാമ്പ് അധികാരികൾ പറയുന്നു. കൂടാതെ ജലദോഷം, സൈനസ് അണുബാധ മുതലായവയെ ചെറുക്കാനും ഇത് ഫലപ്രദമാണ്. ലോകാരോഗ്യ സംഘടനയോ (ഡബ്ല്യുഎച്ച്ഒ) യുഎസ് സെന്‍റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷനോ (സിഡിസി) കൊറോണ വൈറസുകളെ നശിപ്പിക്കുന്നതിനുള്ള പരിഹാരമായി നീരാവി ശ്വസിക്കുന്നത് ശുപാർശ ചെയ്തിട്ടില്ലെങ്കിൽ പോലും സൈനികർക്കിടയിൽ ഒരു പ്രാഥമിക മുൻകരുതലെന്നോണം ഈ പരിശീലനം നൽകുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.