താനെ: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി 700 പേരെ പങ്കെടുപ്പിച്ച് കല്ല്യാണാഘോഷം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. രാജേഷ് മഹത്ര, മഹേഷ് മഹത്ര എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാര്‍ച്ച് 10ന് താനെ ജില്ലയിലെ കല്യാണിലാണ് സംഭവം നടന്നത്. ഐപിസി സെക്ഷൻ 188, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കല്യാണിൽ (ഈസ്റ്റ്) ഒരു വിവാഹ ചടങ്ങില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നിരവധി ആളുകൾ പങ്കെടുക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. 700 പേര്‍ അവിടെ സന്നിഹിതരായിരുന്നു. സംസ്ഥാന സര്‍ക്കാറിന്‍റെ മാര്‍ഗ നിര്‍ദേശപ്രകാരം പരമാവതി 50 പേര്‍ക്കാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍, മാസ്ക്ക് ഉപയോഗം എന്നിവ ഉള്‍പ്പെടെ യാതൊരുവിധ കൊവിഡ് പ്രോട്ടോക്കോളും ഇവര്‍ പാലിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.