വാഷിംഗ്ടൺ: ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യൻ കൊവിഡ് വാക്‌സിനായ കോവാക്‌സിൻ കൊവിഡ് ഡെൽറ്റ, ആൽഫ വകഭേദങ്ങളിലും ഫലപ്രദമാണെന്ന് അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് കണ്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പരീക്ഷണങ്ങളിലാണ് നിർണായക വിവരങ്ങൾ കണ്ടെത്തിയത്.
കോവാക്സിൻ സ്വീകരിച്ചവരുടെ ബ്ലഡ് സെറം ഉപയോഗിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനങ്ങളിലാണ് പുതിയ കണ്ടെത്തൽ. ഈ പഠനങ്ങൾ അനുസരിച്ച് കോവാക്സിൻ സ്വീകരിച്ച ആളുകളുടെ ശരീരത്തിൽ B.1.1.7 (ആൽഫ), B.1.617 (ഡെൽറ്റ) എന്നീ കൊവിഡ് വകഭേദങ്ങൾക്കെതിരായ ആന്‍റിബോഡികൾ ഉണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തി.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മുമ്പ് പലതവണ ഇന്ത്യയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. മാത്രമല്ല കോവാക്സിൻ വികസിപ്പിച്ചെടുക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആഡ്‌ജുവന്‍റും സഹായിച്ചിരുന്നു. ഇത് വരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യൺ ആളുകൾ കോവാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Also Read: രാജ്യത്ത് 135 കോടി കൊവിഡ് വാക്സിനുകൾ ലഭ്യമാക്കുമെന്ന് കേന്ദ്രം
വാക്‌സിൻ സ്വീകരിച്ചതിന് ശേഷം രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ഫലപ്രാപ്തി കൂട്ടാനും സഹായിക്കുന്ന പദാർഥങ്ങളാണ് ആഡ്ജുവന്‍റ്സ്. കോവാക്സിനിൽ ഉപയോഗിച്ച അഡ്‌ജുവന്‍റ്, അൽഹൈഡ്രോക്സിക്വിം- II, കൻസാസിലെ ബയോടെക് കമ്പനിയായ വിറോവാക്സ് എൽഎൽസി, എൻഐഐഡി അനുബന്ധ വികസന പദ്ധതിയുടെ പിന്തുണയോടെ കണ്ടെത്തി പരീക്ഷിച്ചതാണ്.