ഹൈദരാബാദ് : Chopper Crash Enquiry : കൂനൂര്‍ ഹെലികോപ്‌റ്റര്‍ അപകടത്തെ പറ്റി ത്രിസേനാസംഘം നടത്തുന്നത് സമഗ്രമായ അന്വേഷണമെന്ന് എയർ ചീഫ് മാർഷൽ വിവേക് രാം ചൗധരി. അപകടം സംബന്ധിച്ച് ഇഴകീറി അന്വേഷണം നടത്താനാണ് നൽകിയിരിക്കുന്ന ഉത്തരവെന്നും അദ്ദേഹം ശനിയാഴ്‌ച പറഞ്ഞു. ദുണ്ടിഗലിലെ എയർഫോഴ്‌സ് അക്കാദമിയിൽ നടന്ന കംബൈന്‍ഡ് ഗ്രാജ്വേഷൻ പരേഡിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചൗധരി.
അന്വേഷണത്തിന് ഏതാനും ആഴ്‌ചകൾ കൂടി എടുക്കും. കോടതിയുടെ കണ്ടെത്തലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കോടതിയുടെ കണ്ടെത്തലുകളൊന്നും തടയാനും വിചാരിക്കുന്നില്ല. ഇത് സമഗ്രമായ ഒരു പ്രക്രിയയാണ്. അദ്ദേഹത്തിന് (എയർ മാർഷൽ മാനവേന്ദ്ര സിങ്) നൽകിയിരിക്കുന്ന ചുമതല ഓരോ കോണിലും അന്വേഷണം നടത്തുകയും തെറ്റ് സംഭവിച്ചേക്കാവുന്ന എല്ലാ വശങ്ങളും പരിശോധിക്കുകയും ഉചിതമായ ശുപാർശകളും കണ്ടെത്തലുകളും നൽകുകയും ചെയ്യുക എന്നതാണെന്നും ചൗധരി പറഞ്ഞു.
ALSO READ: കോട്ടയത്ത് 17 കാരി സഹോദരനോട് പിണങ്ങി വീടുവിട്ടു ; ഒരു രാത്രി മുഴുവൻ കാട്ടില്‍
തമിഴ്‌നാട്ടിലെ കൂനൂരിൽ ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും മറ്റ് 12 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിന്‍റെ അന്വേഷണം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദുരന്തത്തെ തുടർന്ന് എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ത്രിസേനാ അന്വേഷണ സംഘം ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്‍റിനെ അറിയിച്ചിരുന്നു.