ന്യൂഡല്‍ഹി: കോടതി വിധികള്‍ സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി. സങ്കീര്‍ണമായ ഭാഷ ഉപയോഗിച്ച് കക്ഷികളെ ആശയക്കുഴപ്പത്തിലാക്കുകയല്ല ജുഡീഷ്യല്‍ എഴുത്തുകളുടെ ഉദ്ദേശമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിധികള്‍ വായനക്കാരന് സൗഹൃദമായ ഭാഷയില്‍ രേഖപ്പെടുത്തണം എന്ന് നിര്‍ദേശിക്കുകയായിരുന്നു.
'കോടതി വിധികളുടെ സംഗ്രഹം സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാർ നൽകുന്ന കട്ട്-കോപ്പി-പേസ്റ്റ് രൂപത്തിലാണ് വായനക്കാര്‍ക്ക് ലഭിക്കുന്നത്. ജുഡീഷ്യറിയുടെ സങ്കീര്‍ണത അവരെ ആശയക്കുഴപ്പത്തിലാക്കുന്നു. നിയമങ്ങളും വസ്‌തുതകളും സംബന്ധിച്ച് വലിയ ചോദ്യങ്ങളാണ് പല വിധികളും ഉണ്ടാക്കുന്നത്', സുപ്രീം കോടതി പറഞ്ഞു. നിയമപ്രകാരം നിയന്ത്രണം നടത്താന്‍ പ്രതിജ്ഞാബദ്ധമായ പൊതു സ്ഥാപനങ്ങൾ എന്ന നിലയിലാണ് പൗരന്മാരും ഗവേഷകരും പത്രപ്രവർത്തകരും കോടതികളെ വിലയിരുത്തുന്നത്. അതിനാല്‍ നിയമവാഴ്‌ച വളർത്തുന്നതിനും നിയമങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നിർണായകമായ പ്രവര്‍ത്തനമാണ് കോടതി വിധി എഴുതുക എന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസില്‍ ഹിമാചൽപ്രദേശ് ഹൈക്കോടതി വിധി പരിഗണിക്കവെ ആണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം. ഹൈക്കോടതി വിധി സങ്കീര്‍ണമായ ഭാഷയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും അതിനാല്‍ വിധി മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിധി രേഖപ്പെടുത്തുന്ന ഭാഷ സംബന്ധിച്ച് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സങ്കീർണമായ വിഷയങ്ങളിൽ ഉൾപ്പെടെ വിധിന്യായങ്ങൾ എഴുതുമ്പോൾ കോടതികൾ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും പ്രസ്‌തുത വിധിയില്‍ പറയുന്നു. വിധി ബുധനാഴ്‌ച (ഓഗസ്റ്റ് 24) ആണ് സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ജീവനക്കാര്‍ക്ക് എതിരെയുള്ള അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി വിധി. കേസില്‍ ബാങ്കിനെതിരെ നിർബന്ധിത നടപടി എടുക്കരുത് എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം സ്റ്റേ ചെയ്യുകയും ചെയ്‌തു. കേസുമായി ബന്ധപ്പെട്ട് ഹിമാചൽപ്രദേശ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി രേഖപ്പെടുത്തിയിരിക്കുന്ന ഭാഷ സങ്കീര്‍ണമാണെന്നും വ്യവഹാരക്കാരന് വിധി മനസിലാക്കാന്‍ സാധിക്കില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് കോടതി വിധി സാധാരണക്കാരന് മനസിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തണം എന്ന് സുപ്രീം കോടതി ഉത്തരവിറക്കിയത്.
പ്രാഥമികമായി കോടതി വ്യവഹാരങ്ങളിലെ കക്ഷികൾക്ക് വേണ്ടിയാണ് വിധി എഴുതുന്നത് എന്നും കോടതി ആര്‍ക്കുവേണ്ടി ആണോ വിധി പുറപ്പെടുവിച്ചത്, ആ വ്യക്തി തന്നെയാണ് വിധിയുടെ അന്തിമമായ സൂക്ഷ്‌മ പരിശോധന നടത്തേണ്ടത് എന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.