ന്യൂഡൽഹി : നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് ക്രമക്കേടിൽ എൻഎസ്ഇ മുൻ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്‌ണയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ സിബിഐ കോടതി തള്ളി. പ്രതികൾ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നുണ്ടെന്നും അന്വേഷണം ഏറ്റവും പുതിയ ഘട്ടത്തിലാണെന്നും ജഡ്‌ജി സഞ്ജീവ് അഗർവാൾ നിരീക്ഷിച്ചു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ സിബിഐ സംഘം ചിത്രയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും. എന്നാൽ വിധിക്കെതിരെ ചിത്ര ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് നാഷണൽ സ്റ്റോക് എക്‌സ്ചേഞ്ച് മുൻ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫീസർ ആനന്ദ് സുബ്രഹ്‌മണ്യത്തെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. സുബ്രഹ്‌മണ്യത്തെ മാർച്ച് 6 വരെ സിബിഐ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
എൻഎസ്ഇയുടെ അതീവ പ്രാധാന്യമേറിയ ആഭ്യന്തര രഹസ്യങ്ങൾ ഹിമാലയന്‍ സന്യാസിക്ക് പങ്കുവച്ചെന്നതാണ് ചിത്ര രാമകൃഷ്‌ണനെതിരായ കേസ്. ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറായും എംഡിയുടെ ഉപദേശകനായും ആനന്ദ് സുബ്രഹ്മണ്യനെ നിയമിച്ചതുമായി ബന്ധപ്പെട്ട് എൻഎസ്ഇയുടെ ഉന്നത ഉദ്യോഗസ്ഥർ സെക്യൂരിറ്റീസ് കരാർ നിയമങ്ങൾ ലംഘിച്ചതായി സെബി കണ്ടെത്തിയിരുന്നു.
ALSO READ: ഹിമാലയൻ യോഗി ആനന്ദ് സുബ്രഹ്മണ്യൻ.. കൂടുതൽ തെളിവുകൾ സിബിഐക്ക്
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് സുബ്രഹ്‌മണ്യൻ തന്നെയാണ് ഹിമാലൻ യോഗിയെന്ന് സിബിഐ കണ്ടെത്തിയത്. മൊബൈൽ പ്രവർത്തിച്ചിട്ടുള്ള ലൊക്കേഷനുകൾ ശേഖരിച്ചതിൽ നിന്നും അവ സുബ്രഹ്മണ്യന്‍റെ ചെന്നൈയിലെ വസതിയിൽ നിന്നാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. യോഗിക്ക് അയച്ച ഇമെയിലുകൾ സുബ്രഹ്മണ്യന് ലഭ്യമാകുമെന്നതിനാല്‍ ഇയാള്‍ തന്നെയാണ് യോഗിയെന്ന് സിബിഐ ഉറപ്പിക്കുകയായിരുന്നു.