വല്‍സാദ്: സ്വന്തം മകളെ പീഡിപ്പിച്ചെന്ന് കുറ്റം ചുമത്തി വിചാരണ ചെയ്യപ്പെട്ടയാളെ കുറ്റവിമുക്തനാക്കി കോടതി. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലാണ് സംഭവം. മകളാണ് അച്ഛനെതിരെ പരാതിപ്പെട്ടത്. മകളുടെ ആരോപണം തെറ്റാണെന്ന് കോടതി വിധിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
ജില്ല ബാലാവകാശ സംരക്ഷണ സമിതി ആരോപണം ശരിയായ രീതിയില്‍ അന്വേഷിക്കാത്തതിന്‍റെ ഫലം ഒരു കുടുംബത്തിന്‍റെ തകര്‍ച്ചയായിരുന്നുവെന്ന് കുറ്റവിമുക്തനാക്കപ്പെട്ട പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 8, 2020ലാണ് ഇദ്ദേഹത്തിന് എതിരെ മകള്‍ ബാലാവകാശ സംരക്ഷണ സമിതിയില്‍ ഫോണിലൂടെ പരാതി കൊടുക്കുന്നത്.
ഇതേതുടര്‍ന്ന് ബാലാവകാശ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്‍റെ വീട്ടിലെത്തുകയും മകളെ കുട്ടികള്‍ക്കായുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു. പിതാവിന് എതിരെ പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്‌തു. വിചാരണ കാലയളവ് മുഴുവനും ഇദ്ദേഹം ജയിലിലായിരുന്നു. തന്നെ മാനസികമായും ശാരീരികമായും പൊലീസ് പീഡിപ്പിച്ചെന്നും താന്‍ സമൂഹത്തില്‍ അപമാനിതനായതിന് കാരണം അധികൃതരുടെ പിശകുകള്‍ നിറഞ്ഞ അന്വേഷണമാണെന്നും പിതാവ് പറഞ്ഞു.