പട്‌ന: ബിഹാറിലെ പട്‌നയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. മൻസൂർപൂരിലെ ലോദിപൂർ ഗ്രാമത്തിൽ അരുൺ സിങ്ങ് (40), ഭാര്യ മഞ്‌ജു ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂന്ന് കുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂത്ത മകൻ തുണ്ടുൻ കുമാർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്നലെ(26.08.2022) രാത്രി എട്ട് മണിയോടെ 15ഓളം വരുന്ന സംഘം റൈഫിളുകളും, പിസ്റ്റളുകളും ഉപയോഗിച്ച് അരുൺ സിങ്ങിന്‍റെ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു.
മരിച്ച അരുൺ സിങ്ങിനും അയൽവാസിയായ ബൈദു സിങ്ങിനും തമ്മിൽ മുൻപ് ഭൂമി തർക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എട്ട് ദിവസം മുൻപ് ഇരു കുടുംബങ്ങളും ഇതിനെച്ചൊല്ലി വഴക്കിടുകയും തമ്മിൽ വെടിയുതിർക്കുകയും ചെയ്‌തിരുന്നു. എന്നാൽ സംഭവം പൊലീസിൽ അറിയിക്കുകയോ പരാതി നൽകുകയോ ചെയ്‌തിരുന്നില്ല.
'രാത്രി 7-8 മണിയോടെ എല്ലാവരും വീട്ടിൽ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ, പെട്ടെന്ന് 10-15 പേർ റൈഫിളുകളും പിസ്റ്റളുകളും ഉപയോഗിച്ച് ക്രൂരമായ വെടിവയ്‌പ്പ് നടത്തുകയായിരുന്നു. ലോക്കൽ പൊലീസും അക്രമികളുമായി നടത്തിയ ഒത്തുകളിയാണിത്. സംഭവ സമയത്ത് പൊലീസിൽ വിവരം അറിയിച്ചിരുന്നെങ്കിലും മൂന്ന് മണിക്കൂറിന് ശേഷമാണ് അവർ സ്ഥലത്തെത്തിയത്', അരുൺ സിങ്ങിന്‍റെ സഹോദരൻ കരു സിങ് പറഞ്ഞു.
അതേസമയം കൊലപാതകത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ദമ്പതികളുടെ മൃതദേഹവുമായി പട്‌ന ഭക്തിയാർപൂർ ദേശീയ പാത 30ൽ ഉപരോധം നടത്തി. തുടർന്ന് പട്‌ന റൂറൽ എസ്‌പി, ഫതുഹ എസ്‌ഡിപിഒ, പട്‌ന സിറ്റി എസ്‌ഡിഒ എന്നിവർ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച ശേഷം ഹൈവേ യാത്രക്കാർക്കായി തുറന്നുകൊടുക്കുകയായിരുന്നു.