മീററ്റ്: ഉത്തർപ്രദേശിൽ നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്‌ക്ക് വിൽപ്പന നടത്തി ദമ്പതികൾ. മീററ്റിലെ ലാല ലജ്‌പത് റായ് മെഡിക്കൽ കോളജിലാണ് സംഭവം. ആശുപത്രിയിൽ നിന്ന് കുഞ്ഞ് മോഷണം പോയെന്ന വിവരത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ മാതാപിതാക്കൾ വിൽപ്പന നടത്തിയ കാര്യം പുറംലോകമറിയുന്നത്.
തിങ്കളാഴ്‌ച രാത്രിയോടെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ പിതാവ് കുഞ്ഞിനെ മറ്റൊരു ദമ്പതികൾക്ക് കൈമാറി ഒരു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു. പിന്നാലെ കിട്ടിയ പണത്തിൽ നിന്ന് കുറച്ചു പൈസ ഇയാൾ ചെലവാക്കുകയും ചെയ്‌തു. എന്നാൽ കുഞ്ഞിനെ ആരോ മോഷ്‌ടിച്ചു എന്നാണ് ഇവർ ആശുപത്രി അധികൃതരെ അറിയിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ തങ്ങൾ വിൽപ്പന നടത്തിയതാണെന്ന് കുട്ടിയുടെ അമ്മ സമ്മതിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ വീണ്ടെടുത്ത പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയുടെ പിതാവിൽ നിന്ന് 82,000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.