മുംബൈ: അഴിമതി വ്യവസ്ഥയുടെ ഭാഗമാണെന്നും അത് ഇല്ലായ്‌മ ചെയ്യുക എന്നത് ബുദ്ധിമുട്ടാണെന്നും മഹാരാഷ്ട്ര പൊലീസ് ഡയറക്‌ടർ ജനറൽ ഹേമന്ത് കുമാർ നാഗ്രലെ. ഏതൊരു പൊതുസേവകനെയും അതിൽ നിന്ന് പിന്തിരിപ്പിക്കാൻ പരമാവധി അഴിമതികൾ കണ്ടെത്തുക എന്നതാണ് തങ്ങൾക്ക് ചെയ്യാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന റവന്യൂ, പൊലീസ് വകുപ്പുകളിൽ വ്യാപകമായി നടക്കുന്ന അഴിമതികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നാഗ്രലെ. അഴിമതി പൊലീസിലും റവന്യൂ വകുപ്പിലും മാത്രമല്ല, എല്ലാ വകുപ്പുകളിലും ഉണ്ടെന്നും കൂടുതൽ ആളുകൾ ഉള്ളിടത്ത് അഴിമതി കൂടുതലായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു. അഴിമതി 100 ശതമാനം ഇല്ലാതാക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും നിയമത്തെ പോലും അഴിമതി നിരോധന നിയമം എന്നാണ് വിളിക്കുന്നതെന്നും അല്ലാതെ അഴിമതി നിർത്തലാക്കൽ നിയമം എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂനിയർ അല്ലെങ്കിൽ മിഡ് ലെവൽ സ്റ്റാഫുകളെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കാത്തപ്പോഴാണ് അഴിമതി നടക്കുന്നതെന്നും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് അഴിമതി തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗമെന്നും അദ്ദേഹം പറഞ്ഞു.