ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പക്കെതിരായ അഴിമതിയാരോപണ ഹർജി വീണ്ടും പരിഗണിക്കാന്‍ നിർദേശിച്ച് കര്‍ണാടക ഹൈക്കോടതി. യെദ്യൂരപ്പക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സെഷൻസ് കോടതി തള്ളിയിരുന്നു. ബെംഗളൂരു ഡെവലപ്‌മെന്‍റ് അതോറിറ്റി കരാറുകൾ നൽകിയതിന് പകരമായി രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്നും മറ്റ് ഷെൽ കമ്പനികളിൽ നിന്നും യെദ്യൂരപ്പ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ ടിജെ എബ്രഹാമാണ് ഹർജി നൽകിയത്.
യെദ്യൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്ര, ചെറുമകൻ ശശിദർ മാറാടി, മകളുടെ ഭര്‍ത്താവ് സഞ്ജയ് ശ്രീ, ചന്ദ്രകാന്ത് രാമലിംഗം, നിലവിലെ ബിഡിഎ ചെയർപേഴ്‌സണും എംഎൽഎയുമായ എസ്‌ടി സോമശേഖർ, ഐഎഎസ് ഉദ്യോഗസ്ഥൻ ജിസി പ്രകാശ്, കെ രവി, വിരുപക്ഷപ്പ എന്നിവരാണ് യെദ്യൂരപ്പയ്ക്ക് പുറമേ കേസിൽ ആരോപണ വിധേയരായ മറ്റുള്ളവര്‍. 2021 ജൂലൈ എട്ടിനാണ് സെഷൻസ് കോടതി ടിജെ എബ്രഹാമിന്‍റെ പരാതി തള്ളിയത്. യെദ്യൂരപ്പക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണത്തിന് ഗവർണറും അനുമതി നിഷേധിച്ചിരുന്നു,
സെഷന്‍സ് കോടതിയുടെ ഉത്തരവ് റദ്ദാക്കി : തുടര്‍ന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഭാഗികമായി അനുവദിച്ച ജസ്റ്റിസ് എസ് സുനിൽ ദത്ത് യാദവ് സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും പരാതി വീണ്ടും പരിഗണിക്കാന്‍ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയോട് നിർദേശിക്കുകയുമായിരുന്നു. പ്രോസിക്യൂഷനുള്ള അനുമതി നിരസിച്ചത് പരാതി പുനഃസ്ഥാപിക്കുമ്പോൾ കുറ്റാരോപിതനായ യെദ്യൂരപ്പക്കെതിരായ നടപടികൾ തുടരുന്നതിന് തടസമാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ടിജെ എബ്രഹാം ഗവർണറെ സമീപിച്ചതിന് നിയമപരമായ പ്രാധാന്യമില്ലെന്നും അതിനാൽ സെഷൻസ് കോടതി പരാതി തള്ളേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ അഴിമതി നിരോധന നിയമം, ഇന്ത്യൻ ശിക്ഷ നിയമം, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പരാതിക്കാരൻ പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിൽ പ്രത്യേക കോടതിക്ക് അധികാരമില്ലെന്നും പിഎംഎൽഎ നിയമം പ്രകാരം പരാതിക്കാരൻ കൃത്യമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകണമെന്നുമായിരുന്നു കോടതി വിധി.
ചന്ദ്രകാന്ത് രാമലിംഗത്തിൽ നിന്നും യെദ്യൂരപ്പയ്ക്ക് വേണ്ടി ഐഎഎസ് ഉദ്യോഗസ്ഥനായ ജിസി പ്രകാശ് 12 കോടി രൂപ ആവശ്യപ്പെട്ടെന്നും പണം കൈപ്പറ്റിയെന്നുമാണ് ആരോപണം. യെദ്യൂരപ്പ, വിജയേന്ദ്ര, ശശിദർ മാറാടി, സഞ്ജയ് ശ്രീ എന്നിവർ ഷെൽ കമ്പനികളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.