കൊൽക്കത്ത: തെരഞ്ഞെടുപ്പിനിടെ കൂച്ച് ബെഹാറിലുണ്ടായ വെടിവയ്‌പിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ സിഐഎസ്എഫിന് ക്ലീൻ ചിറ്റ് നൽകി. വോട്ടർമാരുടെ ജീവൻ രക്ഷിക്കാനും സ്വയം പ്രതിരോധത്തിനുമായാണ് വെടിയുതിർത്തതെന്ന സിഐഎസ്എഫ് വാദം കണക്കിലെടുത്താണ് ക്ലീൻ ചിറ്റ് നൽകിയത്. ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ജനക്കൂട്ടം ശ്രമിച്ചപ്പോഴാണ് സൈന്യം വെടിയുതിര്‍ത്തത് എന്നും കമ്മിഷന്‍ വ്യക്തമാക്കി. കൂച്ച്ബിഹാര്‍ ജില്ലയില്‍ വരുന്ന 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവും പ്രവേശിക്കരുത് എന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകല്‍ സന്ദര്‍ശിക്കുമെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിനിടെ നടന്ന വെടിവയ്‌പിൽ നാല് ടിഎംസി പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. കൂച്ച്ബിഹാറിലെ മാതഭംഗയില്‍ നടന്ന വെടിവെപ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത്. ഇവിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ജവാന്മാര്‍ വെടിയുതിര്‍ത്തത് ആത്മരക്ഷാര്‍ഥമാണെന്ന് സിഐഎസ്എഫ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോളിങ്ങ് ബൂത്തിന് പുറത്ത് വച്ച് ആള്‍ക്കൂട്ടം ജവാന്മാരെ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ആയുധങ്ങളും പോളിങ്ങ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ വെടിയുതിര്‍ക്കാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. സൈനികര്‍ ആറ് മുതല്‍ എട്ട് റൗണ്ട് വരെ വെടിയുതിര്‍ത്തതായും സിഐഎസ്എഫ് വക്താവ് നേരത്തെ അറിയിച്ചിരുന്നു.
രാവിലെ 9.30 വരെ ബൂത്തില്‍ പോളിങ്ങ് സമാധാനപരമായി പുരോഗമിക്കുകയായിരുന്നു. വോട്ട് ചെയ്യാന്‍ വരിയില്‍ നിന്നയാള്‍ കുഴഞ്ഞ് വീണതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. വോട്ട് ചെയ്യാനെത്തിയ ആളെ കേന്ദ്ര സേനാംഗം ആക്രമിച്ചതായി പ്രചാരണം നടന്നു. പിന്നാലെ മുന്നൂറിലധികം വരുന്ന പ്രദേശവാസികള്‍ സംഘടിച്ച് ജവാന്മാരെ ആക്രമിക്കുകയും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നാലെയാണ് ജവാന്മാര്‍ വെടിയുതിര്‍ത്തത്. സംഘര്‍ഷത്തിനും വെടിവയ്പ്പിനും പിന്നാലെ 126ാം ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ത്തിവച്ചു.
കൂടുതൽ വായനക്ക്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: മോദിയെ പരിഹസിച്ച് മമതാ ബാനർജി