ദാവംഗരെ (കര്‍ണാടക): ആഴ്‌ചയില്‍ നാല് ദിവസം കെട്ടിട നിര്‍മാണ തൊഴിലാളി. മൂന്ന് ദിവസം കോളജ് വിദ്യാര്‍ഥി. കര്‍ണാടകയിലെ ദാവംഗരെ ജില്ലയിലെ മലെബന്നൂർ സ്വദേശികളായ ജമാലുദീൻ സാബിന്‍റെയും ഷക്കീല ബാനുവിന്‍റെയും മൂത്ത മകനായ റസീഖ് ഉല്ല പഠന മികവില്‍ സ്വന്തമാക്കിയ രണ്ട് സ്വര്‍ണ മെഡലുകള്‍ക്ക് തിളക്കം കൂടുതലാണ്.
ദാവംഗരെ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ റസീഖ് സര്‍വകലാശാലയിലെ ടോപ്പ് സ്‌കോററാണ്. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അച്ഛന്‍ അനുഭവിക്കുന്ന കഷ്‌ടപ്പാട് കണ്ടാണ് മേസ്‌തിരിയായ അച്ഛനൊപ്പം കെട്ടിട നിര്‍മാണ പണിക്ക് പോകാന്‍ റസീഖ് തീരുമാനിക്കുന്നത്. ഇതിനിടയില്‍ കിട്ടുന്ന സമയത്തായിരുന്നു പഠനം.
'വലിയ കുടുംബമാണ് ഞങ്ങളുടേത്. അച്ഛന്‍റെ വരുമാനം മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് പഠനത്തോടൊപ്പം ജോലിയും ചെയ്യാമെന്ന് തീരുമാനിച്ചത്,' റസീഖ് പറയുന്നു.
കോളജില്‍ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ലഭിച്ചെന്നും റസീഖ് കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ ഒരു മേസ്‌തിരിയാണ്, ധാരാളം സമ്പാദിക്കുന്നില്ല. എന്‍റെ കഴിവിനനുസരിച്ച് മകന് നല്ല വിദ്യാഭ്യാസം നൽകാൻ ഞാൻ ശ്രമിച്ചു.
അവൻ കഠിനാധ്വാനം ചെയ്‌തു, അതിന്‍റെ ഫലമാണ് കാണുന്നത്. പഠനത്തിനും ജോലിയിലും മികവ് പുലർത്താൻ അവന് കഴിഞ്ഞു. അവന്‍റെ നേട്ടത്തില്‍ എനിയ്ക്ക് അഭിമാനമുണ്ട്,' റസീഖിന്‍റെ പിതാവ് ജമാലുദീൻ പറഞ്ഞു. മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഉള്‍പ്പെടെയുള്ളവര്‍ ഗ്രാമത്തിലെത്തി റസീഖിനെ അനുമോദിച്ചിരുന്നു.