ബല്ലിയ: ഉത്തര്‍പ്രദേശില്‍ ഭാര്യക്ക് ഒപ്പം ചെലവഴിക്കാന്‍ സമയം ചോദിച്ച് പൊലീസുകാരന്‍ സമര്‍പ്പിച്ച ലീവ് ലെറ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍ പ്രദേശിലെ ബല്ലിയ സ്വദേശി സുനില്‍ കുമാര്‍ യാദവിന്‍റെ ലീവ് ലെറ്ററാണ് വൈറലായത്. ഏഴ് മാസം മുമ്പായിരുന്നു ഇദ്ദേഹത്തിന്‍റെ വിവാഹം കഴിഞ്ഞത്.
വിവാഹ ശേഷം പലതവണ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിന് അവധി കിട്ടിയിരുന്നില്ല. ഇതോടെ ജൂലൈ 28ന് ഇദ്ദേഹം ഒരു ലീവ് ലെറ്റര്‍ എഴുതി സേനയ്‌ക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇതിന്‍റെ പകര്‍പ്പ് സമൂഹ മാധ്യമങ്ങളിലും ഇട്ടു. വിവാഹം കഴിഞ്ഞ് ഇത്രനാള്‍ ആയിട്ടും വിശേഷ വാര്‍ത്തകള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇക്കാരണത്താല്‍ ഡോക്‌ടറെ സമീപിച്ചിരുന്നു. ഇത് പ്രകാരം മരുന്നും കഴിക്കുന്നുണ്ട്. അതിനാല്‍ തനിക്ക് തന്‍റെ ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ 15 ദിവസം അവധി തരണം എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആവശ്യം. കത്ത് പരിഗണിച്ച അധികാരികള്‍ അവധി അനുവദിച്ചു.
ഇതിന് പിന്നാലെ ലെറ്റര്‍ വൈറലായി. ഇതോടെ ഉദ്യോഗസ്ഥനെതിരെ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റും പിന്‍വലിച്ചു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സേനയില്‍ അതിന് വിലക്കില്ല. സമീപ കാലത്ത് വന്ന ആഘോഷങ്ങളും ചില ക്രമസമാധാന പ്രശ്‌നളും കാരണം ഉദ്യോഗസ്ഥര്‍ക്ക് ലീവ് ലഭിച്ചിരുന്നില്ല. ഇത് സേനയിലെ പതിവ് കാര്യമാണ്. സാധാരണ സമയങ്ങളില്‍ ലീവ് കൊടുക്കാന്‍ മടി കാണിക്കാറില്ലെന്നും അഡിഷണല്‍ സുപ്രണ്ടന്‍റ് ഓഫ് പൊലീസ് ദുര്‍ഗ പ്രസാദ് പറഞ്ഞു. വൈറല്‍ ലീവ് ലെറ്ററിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.