ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹം പെൺകുട്ടികളുടെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ശിശുദിനം ശിശു സംരക്ഷണ വാരം എന്നിവയോടനുബന്ധിച്ച് ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലായി നടത്തിയ പഠനത്തിലാണ് ശൈശവ വിവാഹത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്. ചൈല്‍ഡ് റൈറ്റ്സ് ആൻഡ് യു (സിആർവൈ) Child Rights and You (CRY) എന്ന സംഘടനയാണ് NGO പഠനം നടത്തിയത്.
സാമൂഹിക ആചാരങ്ങളും സമ്പ്രദായങ്ങളുമാണ് ഏറ്റവുമധികം ശൈശവ വിവാഹത്തെ സ്വാധീനിക്കുന്നത്. ഇതിന് പുറമെ ദാരിദ്രം, നിര്‍ബന്ധിത കുടിയേറ്റം, ലിംഗ അസമത്വം തുടങ്ങിയവയും പ്രധാന ഘടകങ്ങളാണ്. ആണ്‍കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതും ശൈശവ വിവാഹത്തിന്‍റെ ഒരു സുപ്രധാന കാരണമാണ്.
പ്രണയബന്ധം വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധത്തിലേക്ക് നയിക്കപ്പെടുമെന്നും തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കും എന്നുള്ള ഭയത്താല്‍ ഋതുമതിയാകുമ്പോള്‍ തന്നെ മാതാപിതാക്കള്‍ പെണ്‍കുട്ടികളെ വിവാഹത്തിന് പ്രേരിപ്പിക്കുന്നു. കുറഞ്ഞ സ്‌ത്രീധനം, പുരുഷന്‍മാരെ ബഹുമാനിക്കുക, മറ്റൊരു വീടുമായി പെണ്‍കുട്ടികള്‍ പൊരുത്തപ്പെടുക തുടങ്ങിയ ചിന്താഗതിയും ഇതിന്‍റെ മറ്റൊരു വശമാണ്. പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭം ധരിച്ച 51 ശതമാനം പെണ്‍കുട്ടികളും ആദ്യത്തെ കുട്ടിക്കും രണ്ടാമത്തെ കുട്ടിക്കും ജന്മം നല്‍കിയത് രണ്ട് വര്‍ഷത്തെ ഇടവേളയിലാണെന്ന് പഠനം വ്യക്തമാക്കുന്നു.
ശൈശവ വിവാഹത്തിന്‍റെ എണ്ണത്തില്‍ കുറവ്: കൗമാരക്കാരായ അമ്മമാരിൽ ഭൂരിഭാഗം പേരും കുറഞ്ഞ ഭാരമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ശൈശവ വിവാഹത്തിനെതിരെ നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടും ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇത് നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ശൈശവ വിവാഹത്തിന്‍റെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ദേശീയ തലത്തിലും പഠനം നടത്തിയ നാല് സംസ്ഥാനങ്ങളിലുമായി കൗമാരപ്രായക്കാര്‍ക്കിടയിലുള്ള വിവാഹത്തിന്‍റെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടുവെന്നാണ് പഠന റിപ്പോര്‍ട്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ആന്ധ്രപ്രദേശിലാണ്. അഞ്ച് വര്‍ഷത്തിനിടയില്‍ കേസുകളില്‍ ഏറ്റവുമധികം കുറവ് അനുഭവപ്പെട്ടത് ഒറീസയിലാണ്.
അതേസമയം, ആന്ധ്രപ്രദേശിലെ 15 മുതല്‍ 19 വയസിനിടയിലുള്ള ബഹുഭൂരിപക്ഷം പെണ്‍കുട്ടികളും ഇതിനോടകം തന്നെ അമ്മയായി കഴിഞ്ഞുവെന്ന് എന്‍എഫ്എച്ച്എസ്-4, എന്‍എഫ്എച്ച്എസ്-5 ഡാറ്റകള്‍ വ്യക്തമാക്കുന്നു. ഇതിനര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹത്തിന്‍റെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായപ്പോഴും ആന്ധ്രപ്രദേശിലെ ശൈശവ വിവാഹത്തിന്‍റെ എണ്ണത്തിലെ കുറവ് ഇഴഞ്ഞുനീങ്ങുകയാണ്. പകർച്ചവ്യാധിയും മറ്റ് ദുരന്തങ്ങളും പോലുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥകളും കൗമാരത്തില്‍ തന്നെയുള്ള വിവാഹത്തിനും നേരത്തെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുവാനും കാരണമായിട്ടുണ്ട്.
മുന്നൊരുക്കങ്ങള്‍: സര്‍ക്കാരും സാമൂഹിക സംഘടനകളും ചേര്‍ന്ന് ഗ്രാമീണ തലത്തില്‍ ശിശു സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, ദാരിദ്രവും സാമൂഹിക അസമത്വവും നിര്‍മാര്‍ജനം ചെയ്യുക, തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് ശൈശവ വിവാഹം തടയാന്‍ സാധിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നത് ശൈശവ വിവാഹത്തെ നിര്‍മാര്‍ജനം ചെയ്യുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. കാരണം കൗമാര പ്രായത്തില്‍ വിവാഹിതരായിട്ടുള്ള 86 ശതമാനം പെണ്‍കുട്ടികളും വിവാഹത്തെ തുടര്‍ന്ന് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
18 വയസുകഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുക എന്നത് ഒരു പൊതുരീതിയായി മാറികഴിഞ്ഞിരിക്കുകയാണ്. 18 വയസുകഴിഞ്ഞാലും പെണ്‍കുട്ടികളെ ഉപരിപഠനത്തിനായി പ്രാപ്‌തരാക്കുക എന്നതാണ് ശൈശവ വിവാഹം തടയുന്നതിനുള്ള തന്ത്രപരമായ മാര്‍ഗം.