ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെ മകൾ ഗോവയിൽ അനധികൃത ബാർ ലൈസൻസ് സ്വന്തമാക്കിയെന്ന ആരോപണത്തിൽ കേന്ദ്ര സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ കോണ്‍ഗ്രസ്. തിങ്കളാഴ്‌ച ചേരുന്ന പാർലമെന്‍റിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കൾ അറിയിച്ചു. സ്‌മൃതി ഇറാനിയുടെ മകൾ ജോയിഷ് ഇറാനിയുടെ പേരിൽ വടക്കൻ ഗോവയിലുള്ള റെസ്റ്ററെന്‍റിൽ മരിച്ചയാളുടെ പേരിൽ വ്യാജ ബാർ ലൈസൻസ് സ്വന്തമാക്കിയെന്നാണ് ആരോപണം.
അതേസമയം ഗോവയിലെ ബാർ ലൈസൻസ് അഴിമതിയിലൂടെ അധികാരത്തിന്‍റെയും സ്ഥാനത്തിന്‍റെയും ദുരുപയോഗമാണ് സ്‌മൃതി ഇറാനി നടത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇന്നലെ വരെ സോണിയ ഗാന്ധിയോടും രാഹുലിനോടും സ്‌മൃതി ഇറാനി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ തന്‍റെ കുടുംബത്തിലെ അഴിമതിയെക്കുറിച്ച് അവർ മിണ്ടാത്തതെന്ത്? മന്ത്രി സ്മൃതി ഇറാനിയുടെ രാജി പ്രധാനമന്ത്രി ഉടൻ വാങ്ങണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു, ”അദ്ദേഹം പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിനെതിരെ വിമർശനം ഉന്നയിച്ച സ്‌മൃതി ഇറാനിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് മീഡിയ ചെയർമാൻ പവൻ ഖേരയും രംഗത്തെത്തി. പത്രവും ബാറും നടത്തുന്നത് തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നായിരുന്നു ഖേര പരിഹസിച്ചത്. 'ഒരു പത്രം നടത്തുന്നത് മാന്യമായ ബിസിനസാണ്, എന്നാൽ ഒരു ബാർ പ്രവർത്തിക്കുന്നത് ഭരണകക്ഷിയുടെ മൂല്യങ്ങൾക്കനുസൃതമായെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്, ഖേര പറഞ്ഞു.
മന്ത്രിയുടെ മകൾ ജോയിഷ് ഇറാനി ഗോവയിലെ ബർദേസിലെ "സില്ലി സോൾസ് കഫേ ആൻഡ് ബാർ" എന്ന സ്ഥാപനത്തിന് വ്യാജ രേഖകൾ ചമച്ച് ബാർ ലൈസൻസ് നേടിയെന്ന് വിവരാവകാശ രേഖകളിലൂടെയാണ് വ്യക്‌തമായത്. ലൈസൻസിന്‍റെ ഉടമയായിരുന്ന ആന്‍റണി ഡി ഗാമ കഴിഞ്ഞ വർഷം മേയിൽ അന്തരിച്ചെന്നും, ഈ പേരിൽ പേരിൽ 2022 ജൂൺ 22 നാണ് പ്രസ്‌തുത ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ നൽകിയതെന്നുമാണ് വിവരാവകാശ രേഖയിൽ പറയുന്നത്.