ന്യൂഡല്‍ഹി: മാനനഷ്‌ട കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി രാഹുല്‍ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ച സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. മാര്‍ച്ച് 27 മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്‍റെ മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിസിസി നേതാക്കളുമായും സിഎല്‍പി നേതാക്കളുമായും ചര്‍ച്ച നടത്തി.
പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലെ പ്രവര്‍ത്തന പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരായ കോടതി നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ വിധി ഒരു നിയമപരമായ കാര്യം മാത്രമല്ലെന്നും ജനാധിപത്യത്തിന്‍റെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഗുരുതരമായ രാഷ്‌ട്രീയ പ്രശ്‌നമാണെന്നും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് ജയറാം രമേശ് പ്രതികരിച്ചു.
മോദി സർക്കാരിന്‍റെ പ്രതികാര രാഷ്‌ട്രീയത്തിന്‍റെയും ഭീഷണി രാഷ്‌ട്രീയത്തിന്‍റെയും ഉദാഹരണമാണ് ഇതെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. 'ഞങ്ങൾ ഈ വിഷയത്തെ നിയമപരമായി നേരിടും. ഞങ്ങൾക്ക് ലഭ്യമായ നിയമപരമായ അവകാശങ്ങൾ ഞങ്ങൾ ഉപയോഗിക്കും. ഇത് വലിയ രാഷ്‌ട്രീയ വിഷയമാക്കും. അതിനെതിരെ ഞങ്ങള്‍ പോരാടും, ഞങ്ങൾ ഭയപ്പെടില്ല' ജയറാം രമേശ് വ്യക്തമാക്കി.
ഇതില്‍ കുറഞ്ഞ കോടതി വിധിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല: ശിക്ഷ വിധിക്കെതിരെ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്‌ച രാഹുല്‍ ഗാന്ധിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിച്ചു. സൂറത്തിൽ നിന്ന് മടങ്ങിയെത്തിയ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ നിരവധി കോണ്‍ഗ്രസ് എംപിമാരാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. സൂറത്ത് കോടതി വിധിയില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെയുടെ വസതിയിലും ഒത്തുകൂടിയിരുന്നു.
കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി വിഷയം ചർച്ച ചെയ്‌തു. നാഷണൽ ഹെറാൾഡ് കേസിൽ 50 മണിക്കൂറിലധികമാണ് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ വര്‍ഷം ഇഡി ചോദ്യം ചെയ്‌തത്. അതിനാല്‍ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
'ഞങ്ങൾ ഭയപ്പെടുകയില്ല. ഞങ്ങളെ നിശബ്‌ദരാക്കാനും സാധിക്കില്ല. പ്രാദേശിക കോടതി ഉത്തരവിനെതിരെ ആയിരിക്കും ഞങ്ങളുടെ പ്രതിഷേധം. രാഹുൽ ഗാന്ധി എപ്പോഴും രാജ്യത്തിന് വേണ്ടി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അദ്ദേഹം ഒരിക്കലും ആരുടെയും മേൽ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല', ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്‌തതെന്നും എന്നാല്‍ അദ്ദേഹം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാറായിട്ടില്ലെന്നും അനില്‍ ചൗധരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വച്ചത് ജോഡോ യാത്രയ്‌ക്ക് പിന്നാലെ: ഭാരത് ജോഡോ യാത്രയ്‌ക്ക് പിന്നാലെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഹാഥ് സെ ഹാഥ് ജോഡോ ക്യാമ്പയിനുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും ഈ ക്യാംമ്പയിനുകള്‍ക്ക് പിന്നാലെ ബിജെപി സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വയ്‌ക്കുകയായിരുന്നു എന്നുമാണ് എഐസിസി ഉള്‍പ്പെടെ ആരോപിക്കുന്നത്.
കേസിന്‍റെ വിവിധ വശങ്ങള്‍ പരിശോധിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ ശിക്ഷ ഒരുമാസത്തേക്ക് താത്‌കാലികമായി സ്റ്റേ ചെയ്‌തതായും സൂറത്ത് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ തയാറെടുക്കുകയാണ് കോണ്‍ഗ്രസ് എന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പറഞ്ഞു.
കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനും കോണ്‍ഗ്രസ് ഒരുങ്ങി കഴിഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, ഇവിഎം മെഷീനുകളിലെ കൃത്രിമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സമാന ചിന്താഗതിക്കാരായ 17 പാര്‍ട്ടികളുമായി കൈകോര്‍ത്താണ് നിലവില്‍ കോണ്‍ഗ്രസിന്‍റെ പ്രതിരോധ പ്രവര്‍ത്തനം. ആംആദ്‌മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ അറിയിച്ചത് ഇതിന് ഉദാഹരണമാണ്. ഒപ്പം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.