ന്യൂഡൽഹി : സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ 2022 ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പാർട്ടി പോരാടുമെന്ന് എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെ.
പഞ്ചാബില്‍ പാർട്ടിയ്ക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കോൺഗ്രസ് ഹൈകമാൻഡ് ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന ഘടകം.
ALSO READ: ഇന്ത്യന്‍ തുറമുഖ കരട് ബില്ലിനെ എതിര്‍ക്കണമെന്ന് എം.കെ സ്റ്റാലിന്‍
പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ ഹൈക്കമാൻഡ് ശ്രമിക്കും. എല്ലാം ശരിയാകുമെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ പോരാടുമെന്നും ഖാർഗെ പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസിനുള്ളിൽ ഉൾപാർട്ടി പോര് രൂക്ഷമായതിന്‍റെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന നേതാവായ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം.
മുഖ്യമന്ത്രി അമരീന്ദറിനെതിരെ നവജ്യോത് സിങ് സിദ്ദു രംഗത്തെത്തിയിരുന്നു. ഇതോടെ സിദ്ദുവിനെതിരെ കടുത്ത നിലപാടാണ് അമരീന്ദർ ഉയര്‍ത്തിയത്. അദ്ദേഹത്തിന് കീഴില്‍ പ്രവർത്തിക്കാനില്ലെന്ന് സിദ്ദുവും നിലപാടെടുത്തിരുന്നു.