വാരാണസി : മോദിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് ഓഫിസ് പിങ്ക് നിറത്തില്‍ പെയിന്‍റ് ചെയ്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഡിസംബര്‍ 13നാണ് കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ക്ഷേത്രത്തില്‍ എത്തുന്നത്. ഇതിന്‍റെ ഭാഗമായി മൈദാഗിനിനടുത്തുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും പിങ്ക് നിറത്തില്‍ പെയിന്‍റ് ചെയ്തിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് ഓഫിസിന്‍റെയും നിറം മാറ്റി. ഇതിനെതിരെയാണ് പ്രതിഷേധം. പ്രദേശത്തെ മിക്ക കെട്ടിടങ്ങളും പിങ്ക് നിറത്തില്‍ ആയതിനാലാണ് തീരുമാനം എടുത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാർട്ടി ഓഫിസ് 36 മണിക്കൂറിനുള്ളിൽ പഴയ രൂപത്തിലേക്ക് പുനസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചു.
Also Read: Rakesh Tikait | ജനറൽ ബിപിൻ റാവത്തിന്‍റെ വസതിക്ക് മുന്നില്‍ രാകേഷ് ടികായത്തിനെതിരെ പ്രതിഷേധം
ഇക്കാര്യം കാണിച്ച് ജില്ലാ വികസന അതോറിറ്റിക്ക് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അശോക് കുമാർ സിംഗ് കത്തെഴുതി. സമ്മതമില്ലാതെ ഓഫിസിന്‍റെ നിറം മാറ്റിയത് നിയമ വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അടുത്തിടെ ഇവിടെ കാശി വിശ്വനാഥ് ക്ഷേത്രത്തിലേക്കുള്ള റോഡിലെ ഒരു മുസ്ലിം പള്ളിയും അധികൃതർ പിങ്ക് പെയിന്റ് അടിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഇത് വെള്ള നിറത്തിലേക്ക് മാറ്റുകയായിരുന്നു.