ന്യൂഡല്‍ഹി : നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറിയെ (NMML) പുനര്‍നാമകരണം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. അല്‍പ്പത്തരത്തിന്‍റെയും പ്രതികാരത്തിന്‍റെയും പേരാണ് മോദി എന്നായിരുന്നു ഇതിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശിന്‍റെ പ്രതികരണം. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ സ്മരണാര്‍ഥമുള്ള നെഹ്‌റു മെമ്മോറിയല്‍ ആന്‍റ് ലൈബ്രറിയെ പ്രൈം മിനിസ്‌റ്റേഴ്‌സ് ലൈബ്രറിയായി പുനര്‍നാമകരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.
മോദിക്കും കേന്ദ്രത്തിനും പരിഹാസം : ഇന്ത്യയുടെ രാഷ്‌ട്ര ശില്പിയുടെ പേരും പൈതൃകവും തകര്‍ക്കാനും വളച്ചൊടിക്കാനും ഇകഴ്ത്താനും മോദി എന്ത് ചെയ്യാനും മടിക്കില്ലെന്നും അരക്ഷിതാവസ്ഥ കുമിഞ്ഞുകൂടിയ വളരെ ചെറിയ മനുഷ്യനാണ് ഈ സ്വയം പ്രഖ്യാപിത വിശ്വഗുരുവെന്നും ജയ്‌റാം രമേശ് പരിഹസിച്ചു. സ്വാതന്ത്ര്യസമരത്തിനും ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമായുള്ള ജവഹർലാൽ നെഹ്‌റുവിന്‍റെ സംഭാവനകൾ മായ്‌ച്ചുകളയാന്‍ ആഗ്രഹിക്കുന്നവർ നെഹ്‌റുവിന്‍റെ ആഴം മനസ്സിലാക്കാൻ 'ഡിസ്‌കവറി ഓഫ് ഇന്ത്യ'യും 'ഗ്ലിംപ്‌സസ് ഓഫ് വേൾഡ് ഹിസ്‌റ്ററി'യും ഒരുതവണയെങ്കിലും വായിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിക്കുകയാണെന്ന് എംപി മനീഷ് തിവാരിയും കേന്ദ്ര നീക്കത്തെ കുറ്റപ്പെടുത്തി.
നെഹ്‌റുവിനെ പഠിക്കാന്‍ ആവശ്യപ്പെട്ട് : കെട്ടിടത്തിന്‍റെ പേര് മാറ്റിയാല്‍ മായ്‌ച്ചുകളയാനാവുന്നതല്ല പൈതൃകങ്ങളെന്നും സര്‍ക്കാര്‍ എന്തുതന്നെ ചെയ്‌താലും ജനങ്ങളുടെ ഓർമ്മയിൽ നിന്നും പ്രധാനമന്ത്രി നെഹ്‌റുവിന്‍റെ പേര് തുടച്ചുനീക്കാനാവില്ലെന്നും എഐസിസി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും അറിയിച്ചു. രാജ്യത്തിന്‍റെ വികസനത്തിന് കാരണക്കാരന്‍ നെഹ്‌റുവാണ്. അദ്ദേഹത്തിന്‍റെ ദർശനമാണ് ഇന്ത്യയെ ഇത്രയും ദൂരം എത്തിച്ചതെന്നും സ്വാതന്ത്ര്യാനന്തരം വ്യാവസായിക വിപ്ലവം നയിച്ചത് അദ്ദേഹമാണെന്നും ഗൗരവ് വല്ലഭ് അഭിപ്രായപ്പെട്ടു.
നെഹ്‌റു ഉന്നതനായ ഒരു വ്യക്തിയായതിനാൽ തന്നെ നിസാര രാഷ്‌ട്രീയത്തിന്‍റെ പേരുപറഞ്ഞ് ഒരാൾക്കും വലുതാകാൻ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടൽ ബിഹാരി വാജ്‌പേയി ഉൾപ്പടെ എല്ലാ പ്രധാനമന്ത്രിമാരെയും കോൺഗ്രസ് ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ബിജെപി അത് ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീരുമാനം വന്ന വഴി : നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍റ് ലൈബ്രറിയുടെ പുനഃനാമകരണം ഉള്‍പ്പടെയുള്ളവയുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ചയാണ് കേന്ദ്രമന്ത്രിമാര്‍ പ്രത്യേക യോഗം ചേര്‍ന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് എന്‍എംഎംഎല്‍ സൊസൈറ്റിയുടെ ഈ യോഗത്തില്‍ അധ്യക്ഷത വഹിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, ധര്‍മേന്ദ്ര പ്രധാന്‍, ജി.കിഷന്‍ റെഡ്ഡി, അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പടെ 29 പേരാണ് എന്‍എംഎംഎല്‍ സൊസൈറ്റിയില്‍ അംഗങ്ങളായുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍. മുന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ഔദ്യോഗിക വസതിയായ തീന്‍ മൂര്‍ത്തി കോംപ്ലക്‌സിലുള്ള മ്യൂസിയം ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഉദ്‌ഘാടനം ചെയ്‌തത്.