ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് എ.ഐ.സി.സി കൺട്രോൾ റൂം സ്ഥാപിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഞായറാഴ്ച അനുമതി നൽകി. പാർട്ടിയുടെ സംസ്ഥാന യൂണിറ്റുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തുകയെന്നതാണ് കൺട്രോൾ റൂമിന്‍റെ മുഖ്യ ലക്ഷ്യം.
നിലവില്‍ പൊതുജനങ്ങള്‍ക്ക് സഹായം നൽകുന്നതിനായി പാർട്ടി അതാത് സംസ്ഥാനങ്ങളില്‍ കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. പാര്‍ട്ടി കീഴ്ഘടകങ്ങളെ ഏകോപിപ്പിക്കുകയും നിത്യേനെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുമെന്ന് എ.ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. മനീഷ് ചത്രത്ത്, അജോയ് കുമാർ, പവൻ ഖേര, ഗുർദീപ് സിങ് സപ്പാൽ എന്നിവരാണ് എ.ഐ.സി.സി കൺട്രോൾ റൂമിന് നേതൃത്വം നല്‍കുന്ന കോൺഗ്രസ് നേതാക്കൾ.