ബെംഗളൂരു : ഒബിസി ലിസ്റ്റിൽ കാറ്റഗറി 2 ബിക്ക് കീഴിലുള്ള മുസ്ലിങ്ങൾക്കുള്ള സംവരണം എടുത്തുകളയാനുള്ള തീരുമാനത്തിൽ ബിജെപി നേതൃത്വത്തിലുള്ള കർണാടക സർക്കാരിനെതിരെ രംഗത്തെത്തി കോണ്‍ഗ്രസ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള സംവരണം പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിലാണ് മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കുള്ള സംവരണം റദ്ദാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണമാണ് റദ്ദാക്കിയത്. ഇതോടെ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ) ക്വാട്ടയിൽ മറ്റ് വിഭാഗങ്ങൾക്കൊപ്പം മാത്രമാണ് മുസ്ലിങ്ങൾക്ക് സംവരണം.
മുസ്‌ലിങ്ങളുടെ നാല് ശതമാനം ക്വാട്ടയെ വൊക്കലിഗകൾക്കും(2 ശതമാനം), ലിംഗായത്തുകൾക്കും (2 ശതമാനം) നൽകാനും തീരുമാനമായി. ഈ തീരുമാനത്തെ സംസ്ഥാനത്ത് രാഷ്ട്രീയമായി സ്വാധീനമുള്ള ഈ രണ്ട് സമുദായങ്ങൾ സ്വാഗതം ചെയ്യുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
വലിയ അനീതി : സർക്കാരിന്‍റെ നടപടി ഭരണഘടന വിരുദ്ധമാണെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി കെ ശിവകുമാർ പറഞ്ഞു. സംവരണം ഒരു സ്വത്ത് പോലെ വിതരണം ചെയ്യാമെന്നാണ് സർക്കാർ കരുതുന്നത്. അതൊരു സ്വത്തല്ല. ഇത് ന്യൂനപക്ഷങ്ങളുടെ അവകാശമാണ്. അവർക്ക് അർഹതപ്പെട്ട അവരുടെ നാല് ശതമാനം സംവരണം ഒഴിവാക്കി മറ്റൊരു സമുദായത്തിനും നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
കാരണം അവർ ഞങ്ങളുടെ സഹോദരങ്ങളും കുടുംബാംഗങ്ങളുമാണ്. വൊക്കലിഗകളും വീരശൈവ-ലിംഗായത്തുകളും ഈ ഓഫർ നിരസിക്കും. മുസ്ലിങ്ങളെ ഒബിസി പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നിരിക്കെ വികാരപരമായ പ്രശ്‌നങ്ങൾ ഉന്നയിക്കാനാണ് ബസവരാജ് ബൊമ്മൈ സർക്കാർ ശ്രമിക്കുന്നത് - ശിവകുമാർ പറഞ്ഞു.
സംവരണം തിരികെ കൊണ്ടുവരും : മുസ്ലിം ന്യൂനപക്ഷങ്ങൾക്കായി പതിറ്റാണ്ടുകൾ പഴക്കമുള്ള നാല് ശതമാനം സംവരണം പൂർണമായും എടുത്തുകളഞ്ഞത് വലിയ അനീതിയാണ്. തീരുമാനം ന്യൂനപക്ഷ സമുദായത്തിൽ വലിയ ഞെട്ടലുണ്ടാക്കിയതായും ശിവകുമാർ പറഞ്ഞു. മുസ്ലിങ്ങളെ ഇഡബ്ല്യുഎസ് ക്വാട്ടയിലേക്ക് മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ന്യൂനപക്ഷ സമുദായങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
ഞങ്ങൾ അധികാരത്തിലെത്തിയാൽ ഇതെല്ലാം ഇല്ലാതാക്കും. കോൺഗ്രസ് അധികാരത്തിൽ വരുന്ന സാഹചര്യത്തിൽ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്ക് ഒഴിവാക്കിയ സംവരണം പുനഃസ്ഥാപിക്കാൻ ഇടപെടല്‍ നടത്തുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. കർണാടകയിൽ 15 ശതമാനത്തോളമാണ് മുസ്ലിം സമുദായാംഗങ്ങൾ ഉള്ളത്.
സ്ഥാനാർഥി പട്ടികയുമായി കോണ്‍ഗ്രസ്: കഴിഞ്ഞ ദിവസമാണ് നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടത്. 124 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരുടെ പേരുകള്‍ ആദ്യഘട്ട പട്ടികയിലുണ്ട്.
ALSO READ: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
സിദ്ധരാമയ്യ വരുണ മണ്ഡലത്തില്‍ നിന്നും സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ കനകപുര മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. അതേസമയം ആദ്യഘട്ട പട്ടികയിൽ എട്ട് മുസ്ലിം സ്ഥാനാർഥികളും ഇടം നേടിയിട്ടുണ്ട്. മെയ് 23നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുക. അതിനാൽ മെയ് പകുതിയോടെ നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തൽ.