ന്യൂഡൽഹി : ജി20 ഉച്ചകോടിയുടെ (G20 Summit) ഭാഗമായി ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ (G20 Summit Restrictions Delhi) ചോദ്യം ചെയ്‌ത് കോൺഗ്രസ്. രാജ്യത്ത് മുൻപും അന്താരാഷ്‌ട പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടില്ല. ഗതാഗതം സുഖമമായി നടക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിന് പകരം ഒരു നഗരം അടച്ചുപൂട്ടുന്നതിനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുൻ ലോക്‌സഭ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജെപി അഗർവാൾ (Congress leader JP Aggarwal) പറഞ്ഞു.
മൂന്ന് ദിവസമായി സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് ജോലിക്ക് പോലും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഗതാഗത നിയന്ത്രണം (Traffic Restrictions Delhi ) ഏർപ്പെടുത്തിയതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. ഡൽഹിയിൽ നിന്നും പുറത്തേക്ക് കടക്കുന്നവർക്ക് വീണ്ടും തലസ്ഥാനത്തിനകത്തേക്ക് പ്രവേശിക്കുകയും സാധ്യമല്ല.
ഇതിന് മുൻപ് അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ സന്ദർശനമുൾപ്പടെ നിരവധി അന്താരാഷ്‌ട്ര പരിപാടികൾ രാജ്യത്ത് നടന്നിട്ടുണ്ട്. അപ്പോഴൊന്നും ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്ന് അഗർവാൾ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
നിയന്ത്രണം വിശ്വാസക്കുറവ് വെളിപ്പെടുത്തുന്നു : അതേസമയം, ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിലൂടെ ജനങ്ങൾക്കും കേന്ദ്ര സർക്കാരിനുമിടയിലുള്ള വിശ്വാസ്യത കുറവാണ് വെളിപ്പെടുന്നതെന്ന് എഐസിസി ഭാരവാഹിയായ അഭിഷേക് ദത്ത് (Abhishek Dutt) ചൂണ്ടിക്കാട്ടി. ഇത്തരം ഗൗരവകരമായ പരിപാടികൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ ജനങ്ങൾക്ക് അറിയാം. ഇന്ന് തന്നെ ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പരിസരത്ത് എഐസിസി നടത്തേണ്ടിയിരുന്ന പദയാത്രയും പുതിയ യൂണിറ്റ് മേധാവി ചുമതലയേൽക്കുന്ന ചടങ്ങും തങ്ങൾ മാറ്റിവച്ചത് ഈ പരിപാടി മുന്നിൽ കണ്ടെണെന്ന് ദത്ത് ഇടിവി ഭാരതിനോട് പറഞ്ഞു.
2020ൽ ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ച സമയത്ത് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ശരിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ നഗരത്തിൽ ഇത്തരം നിയന്ത്രണങ്ങൾ നടപ്പാക്കുകയാണെങ്കിൽ അത് മനസിലാക്കാമെന്നും എന്നാൽ ഡൽഹി പോലൊരു നഗരത്തിൽ അത്തരം നിയന്ത്രണം നടപ്പാക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
ജി20 ഉച്ചകോടി നടത്താൻ മിനി ലോക്ക്‌ഡൗണോ ? ട്രെയിൻ, മെട്രോ, പമ്പുകൾ, സ്‌കൂളുകൾ, കോളജുകൾ എന്നിവ അടച്ചിടാനുള്ള തീരുമാനം മിനി ലോക്ക്‌ഡൗണിന് സമാനമാണ്. 1983ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിജയകരമായാണ് എൻഎഎം ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ജി20 ഉച്ചകോടി നടത്താൻ മിനി ലോക്ക്‌ഡൗൺ നടപ്പാക്കുന്നത് ഒരു പരിഹാരമല്ലെന്നും കോൺഗ്രസ് സമൂഹ മാധ്യമത്തിൽ പങ്കിട്ട വീഡിയോയിലൂടെ പ്രതികരിച്ചു.