ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചവരുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളോ നല്‍കിയിട്ടില്ലെന്ന കേന്ദ്രത്തിന്‍റെ വാദത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. എല്ലാവര്‍ക്കും സത്യമറിയാം, കേന്ദ്ര ആരോഗ്യസഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. തെറ്റായ വിവരങ്ങള്‍ കാട്ടി മന്ത്രി വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണ്. ഭാരതി പ്രവീണ്‍ പവാറിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
"രാജ്യത്ത് ആരും ഇതുവരെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഓരോ സംസ്ഥാനത്തും എത്ര മരണമുണ്ടായെന്ന് എല്ലാവര്‍ക്കുമറിയാം " കെ.സി വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യസഹമന്ത്രി വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണോ കൊവിഡ് നിയന്ത്രണത്തിന് കേന്ദ്രം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂവെന്നും ഇതെല്ലാം അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.സി വേണുഗോപാല്‍ രാജ്യസഭയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ച കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോദിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തിലെ മരണ കണക്കുകളാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി ഒരു സമയത്ത് രൂക്ഷമായിരുന്നുവെന്നും, അത് മൂലം കൊവിഡ് മരണങ്ങളൊന്നും സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
Also Read: പെഗാസസ്; ആംനെസ്റ്റി ഇന്‍റർനാഷണലിന് പങ്കുണ്ടെന്ന് ഹിമാന്ത ബിശ്വ ശർമ