തിരുവനന്തപുരം / ന്യൂഡല്‍ഹി : കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനിന്ന് ശശി തരൂര്‍ എംപി. സ്ഥാനാര്‍ഥിയാവാനുള്ള നാമനിർദേശ പത്രിക തരൂര്‍ കൈപ്പറ്റി. എംപിയുടെ പ്രതിനിധിയായ ആലിം ജാവേരി എഐസിസി ആസ്ഥാനത്തെത്തിയാണ് ഫോമുകൾ വാങ്ങിയത്. പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രിയില്‍ നിന്നാണ് അപേക്ഷ കൈപ്പറ്റിയതെന്നാണ് വിവരം.
ഇന്ന് (സെപ്‌റ്റംബര്‍ 24) രാവിലെ 11 മണി മുതലാണ് നാമനിർദേശ പത്രികകളുടെ വിതരണം ആരംഭിച്ചത്. ഈ മാസം 30ന് തരൂർ പത്രിക സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഗാന്ധി കുടുംബം മത്സരിക്കില്ലെന്ന തീരുമാനത്തില്‍ വ്യക്തത വന്നതോടെയാണ് തരൂര്‍ മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് മറ്റൊരു സ്ഥാനാര്‍ഥി.
മത്സരത്തിന് കൂടുതല്‍ നേതാക്കള്‍, നിലപാടുമായി കെപിസിസി : ശശി തരൂരിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ മത്സരിച്ചേക്കും. അദ്ദേഹത്തോടൊപ്പം ജി 23 ഗ്രൂപ്പിലുള്ള മനീഷ് തിവാരി, പുറമെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് എന്നിവര്‍ക്കും അധ്യക്ഷ പദവി തെരഞ്ഞെടുപ്പില്‍ ഒരു കൈ നോക്കാന്‍ താത്‌പര്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒക്‌ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ്.
അതേസമയം, തെരഞ്ഞെടുപ്പിന് നില്‍ക്കാനുള്ള തരൂരിന്‍റെ ആഗ്രഹത്തിന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി വിയോജിപ്പ് അറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് രംഗത്തെത്തിയത്. കെപിസിസിയുടെ പിന്തുണ ഗാന്ധി കുടുംബം മുന്നോട്ടുവയ്‌ക്കുന്ന സ്ഥാനാര്‍ഥിക്കെന്നാണ് നേതാക്കളുടെ നിലപാട്.