ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ളത് മാത്രമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ താഴെ തട്ടിലുള്ള ജനങ്ങള്‍ക്കായി ഒന്നും തന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സാധാരണക്കാരുടെ ഉന്നമനത്തിന് വേണ്ടി ബജറ്റില്‍ യാതൊന്നുമില്ലെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തസ്‌തികകളിലെ ഒഴിവുകള്‍ നികത്താനോ തൊഴിലുറപ്പ് പദ്ധതിയ്‌ക്കായോ യാതൊന്നും നീക്കിവച്ചിട്ടില്ലെന്നും ഖാര്‍ഗെ വിശദീകരിച്ചു.
കര്‍ഷകര്‍ക്ക് പ്രയോജനമില്ലാത്ത പദ്ധതികള്‍ : കേന്ദ്ര ബജറ്റ് തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങി ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി കിസാന്‍ യോജന പദ്ധതി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഗുണം ചെയ്‌തത്. കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല- കെ സി വേണുഗോപാല്‍ പറഞ്ഞു.
പുതിയ ആദായനികുതി വ്യവസ്ഥയ്‌ക്ക് കീഴില്‍ വലിയ മാറ്റങ്ങള്‍ വരുത്തി എന്നതാണ് ബജറ്റിന്‍റെ പ്രധാന സവിശേഷത. അഞ്ച് ലക്ഷം രൂപയില്‍ നിന്നും ഏഴ് ലക്ഷം രൂപയായി ആദായനികുതി പരിധി വര്‍ധിപ്പിച്ചു. പുതിയ ആദായനികുതി വ്യവസ്ഥ സ്ഥിര നികുതി വ്യവസ്ഥയായിരിക്കുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
മൂലധന ചിലവ് 33 ശതമാനത്തില്‍ നിന്നും 10 ലക്ഷം കോടിയാക്കി ഉയര്‍ത്തി. ഇത് ജിഡിപിയുടെ 3.3 ശതമാനത്തോളം വരും. അതേസമയം 2023-24 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് 'അമൃത് കാല'ത്തെ ആദ്യ ബജറ്റാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഴ്‌ത്തല്‍. വികസന ഇന്ത്യയെ പടുത്തുയര്‍ത്താന്‍ ബജറ്റ് അടിത്തറയിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സാധാരണക്കാര്‍ക്കായുള്ള ബജറ്റെന്ന് കേന്ദ്രം : ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ മുന്‍നിര്‍ത്തിയാണ് ബജറ്റെന്നാണ് കേന്ദ്രവാദം. കര്‍ഷകര്‍, സമൂഹത്തിലെ മധ്യവര്‍ഗത്തിലുള്‍പ്പെട്ടവര്‍ എന്നിവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ ബജറ്റ് വഴി സാധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു.
പേപ്പര്‍ലെസ് ബജറ്റ് മൂന്നാം തവണ : ഇത് മൂന്നാം തവണയാണ് സര്‍ക്കാര്‍ പേപ്പര്‍ലെസ് ബജറ്റ് അവതരിപ്പിക്കുന്നത്. ലോകം ഇന്ത്യയെ തിളങ്ങുന്ന നക്ഷത്രമായാണ് കാണുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്‍റെ സമ്പദ്‌ഘടന ശരിയായ പാതയിലാണെന്നും മന്ത്രി അവകാശപ്പെട്ടു.
അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് മന്ത്രി അവതരിപ്പിച്ചത്.