ന്യൂഡല്‍ഹി : കോൺഗ്രസ് ദേശീയ നേതൃത്വത്തിന് തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ലാത്ത സ്ഥിതിയ്‌ക്ക് ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അറിയുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. എന്തുകൊണ്ടാണ് നേതാക്കൾ പാർട്ടി വിടുന്നത്. അത് നമ്മുടെ കുഴപ്പമാണോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ഒരിക്കലും എത്തിച്ചേരേണ്ടതില്ലാത്ത ഒരു സാഹചര്യത്തിലാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷം നേതൃത്വത്തിന് കത്തെഴുതിയ സമാന മനസ്‌കരുടെ പ്രതിനിധിയെന്ന നിലയില്‍ ഹൃദയവേദനയോടെയാണ് ഇപ്പോൾ നിൽക്കുന്നത്. മഹത്തായ ചരിത്രമുള്ള ഒരു പാർട്ടിയുടെ ഭാഗമാണ് താൻ. ഇപ്പോഴത്തെ അവസ്ഥ കണ്ടുകൊണ്ടിരിക്കാൻ മാത്രം സാധിക്കുന്നതല്ല.
'പഞ്ചാബ് രാഷ്ട്രീയ പ്രതിസന്ധി ഐ.എസ്.ഐയ്‌ക്ക് നേട്ടമുണ്ടാക്കും'
പാർട്ടി വിട്ടുപോകുന്നവരുടെ കൂട്ടത്തിലല്ല തങ്ങൾ. ഇത് വിരോധാഭാസമാണ്. പാർട്ടി നേതൃത്വവുമായി അടുപ്പമുണ്ടായിരുന്നവർ പാർട്ടി വിട്ടുപോകുന്നു. എന്നാൽ, അടുപ്പമില്ലാത്തവരെന്ന് നേതൃത്വം കരുതുന്നവർ ഇപ്പോഴും പാർട്ടിക്കൊപ്പം നിൽക്കുന്നു.
പഞ്ചാബിലെ രാഷ്ട്രീയ പ്രതിസന്ധി ഐ.എസ്.ഐയ്‌ക്കും പാകിസ്ഥാനും നേട്ടമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പഞ്ചാബിന്‍റെ ചരിത്രവും അവിടുത്തെ തീവ്രവാദത്തിന്‍റെ വളര്‍ച്ചയും ഞങ്ങൾക്കറിയാം. പാര്‍ട്ടിയിലെ നേതാക്കള്‍ ഐക്യത്തോടെ തുടരുമെന്നത് കോൺഗ്രസ് ഉറപ്പാക്കേണ്ടതുണ്ട്.
കോൺഗ്രസ് ശക്തിപ്പെടുത്തി, പാർട്ടി യോഗത്തിൽ പ്രശ്‌നങ്ങൾ പരിഹരിക്കണം. ദേശീയ പാർട്ടി ഒറ്റക്കെട്ടായിരിക്കണം. പാർട്ടിയിൽ കുത്തകകളില്ല, കോൺഗ്രസ് ആത്മപരിശോധന നടത്തേണ്ടതുണ്ട്. താന്‍ ഒരിക്കലും പാർട്ടിക്കെതിരെ സംസാരിച്ചിട്ടില്ല, പാർട്ടിയെ ശക്തിപ്പെടുത്താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും കപില്‍ സിബല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: എ.ഐ.സി.സി അംഗത്വത്തില്‍ നിന്നുള്ള സുധീരന്‍റെ രാജി തള്ളി ഹൈക്കമാന്‍ഡ്