ന്യൂഡൽഹി: വടക്ക് കിഴക്ക് ഭാഗങ്ങളെ കോൺഗ്രസ് പാർട്ടി പതിറ്റാണ്ടുകളായി ഒഴിവാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ 2016 മുതൽ എൻഡിഎ സർക്കാർ കണക്‌റ്റിവിറ്റിയിലും സാമൂഹിക ശാക്തീകരണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിലെ കരിംഗഞ്ചിൽ നടന്ന റാലിയെ അഭിസംബോധന ചെയ്‌ത ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
പശ്ചിമബംഗാളിൽ ബിജെപി വിജയിച്ചാൽ സംസ്ഥാനത്ത് വികസനത്തിന്‍റെ പുതിയ ഒരു യുഗം ആരംഭിക്കുമെന്നും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ഭീഷണി അവസാനിപ്പിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മമതാ ബാനർജിയുടെ 'ഖേല ഹോബ്' എന്ന മുദ്രാവാക്യത്തെ വെല്ലുവിളിച്ച് കൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്‌ച പുരുലിയയിൽ നടത്തിയ റാലിയിൽ തൊഴിൽ, വികസനം, വിദ്യാഭ്യാസം എന്നിവയാണ് വാഗ്‌ദാനം ചെയ്തിരിക്കുന്നത്. എട്ട് ഘട്ടങ്ങളിലായുള്ള 294 അംഗ പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 27 മുതൽ ആരംഭിച്ച് ഏപ്രിൽ 29നാണ് അവസാനിക്കുന്നത്.