ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ പുതിയ പ്രസിഡന്‍റിനായി ഡിജിറ്റൽ തെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മധുസൂദനൻ മിസ്‌ത്രിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി (സിഇഎ) ചൊവ്വാഴ്ച യോഗം ചേരും. "ചൊവ്വാഴ്ച യോഗം നിശ്ചയിച്ചിട്ടുണ്ട്. എ ഐ സി സി അംഗങ്ങൾക്ക് ഡിജിറ്റൽ കാർഡുകൾ നൽകുന്ന കാര്യത്തെക്കുറിച്ചും അത് എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യും, ”സിഇഎ അംഗം ഇടിവി ഭാരതിനോട് പറഞ്ഞു.
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) യിലെ എല്ലാ അംഗങ്ങൾക്കും അവരുടെ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന ഡിജിറ്റൽ കാർഡുകൾ നൽകുന്നത് പാർട്ടിയുടെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാകും. ഓരോ ഐഡി കാർഡിനും ബാർകോഡ് ഉണ്ടായിരിക്കും. രാജ്യത്തുടനീളമുള്ള എ.ഐ.സി.സി പ്രതിനിധികളോട് അവരുടെ ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ അതോറിറ്റി ആവശ്യപ്പെട്ടു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക സി.ഇ.എയ്ക്ക് ലഭിച്ചുവെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
"ഡിജിറ്റൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദ്ദേശമുണ്ടെന്നും എന്നാൽ അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ലെന്നും മറ്റൊരു അംഗം ഇടിവി ഭാരതിനോട് പറഞ്ഞു". ഈ നിർദ്ദേശം സിഎഎ അംഗീകരിച്ചുകഴിഞ്ഞാൽ, തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (സിഡബ്ല്യുസി) അനുമതി തേടും. പാർട്ടിയിലെ 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതിനെത്തുടർന്നാണ് കോൺഗ്രസിൽ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുളള നടപടി ക്രമങ്ങൾ ആരംഭിച്ചത്. രാഹുൽ ഗാന്ധി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമാണ്.
തെരഞ്ഞെടുപ്പ് സമയത്ത് മത്സരാർത്ഥികൾ ഉണ്ടായാൽ ബാലറ്റ് വോട്ടിംഗ് ഉൾപ്പെടെയുളള കാര്യങ്ങൾ സിഎഎ പരിഗണിക്കും. സോണിയ ഗാന്ധി രൂപീകരിച്ച സിഎഎയിൽ കൃഷ്ണ ബൈർ ഗൗഡ, അരവിന്ദർ സിംങ് ലൗലി, രാജേഷ് മിശ്ര, ജോതിമണി, മധുസൂദനൻ മിസ്‌ത്രി എന്നിവരാണ് അംഗങ്ങൾ.