ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ കോൺഗ്രസ് പാർട്ടി 150 സീറ്റ് നേടണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഹ്വാനം. ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു.
നിലവില്‍ അഴിമതി പുരണ്ട ഭരണമാണ് സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്നത്. 150 സീറ്റെങ്കിലും കുറഞ്ഞത് നാം വിജയിക്കണം. സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാര്‍ട്ടി കണ്ടെത്തേണ്ടതുണ്ട്. സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനവും അവരുടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോടുള്ള അടുപ്പവും കണ്ടെത്തി വേണം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആരൊക്കെയാണ് സജീവമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും ആരൊക്കെ നടത്തുന്നില്ല എന്നും തരംതരിച്ച് പട്ടിക തയ്യാറാക്കണമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്ത് തൊഴിലില്ലായ്മ പെരുകുകയാണ്. മാത്രമല്ല സാമ്പത്തിക രംഗം പാടെ തകര്‍ന്നിരിക്കുന്നു. ജി.എസ്.ടിയിലെ അശാസ്ത്രീയത, നോട്ട് നിരോധനം, എന്നിവ രാജ്യത്തെ ചെറുകിട സംരംഭകരെ പാടെ തകര്‍ത്തു. അതിനാല്‍ തന്നെ ഇത്തരം ചെറു സംരഭകര്‍ക്ക് ജോലി നല്‍കാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.