കത്വ (ജമ്മു കശ്‌മീർ): രാജ്യവ്യാപകമായി വീടുവീടാന്തരമുള്ള കോണ്‍ഗ്രസിന്‍റെ ‘ഹാത്ത് സേ ഹാത്ത് ജോഡോ’ പ്രചാരണം ജനുവരി 26 ന് ആരംഭിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജമ്മു കശ്‌മീരിലെ കത്വയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ജനുവരി 26 മുതൽ മാർച്ച് 26 വരെയാണ് 'ഹാത്ത് സേ ഹാത്ത് ജോഡോ' യാത്ര. ജനങ്ങളെ അണിനിരത്തി ആർഎസ്എസ് ബിജെപി ആശയങ്ങൾക്കെതിരെ പോരാടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് വിപുലമായ പ്രചാരണ പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് നടക്കുക. കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം രാജ്യത്തെ ഓരോ വീട്ടിലും എത്തിക്കും.മോദി സർക്കാരിന്‍റെ പരാജയം തുറന്നുകാട്ടുന്ന, രാഹുൽ ഗാന്ധിയുടെ കത്തും വിതരണം ചെയ്യും. ആറ് ലക്ഷം ഗ്രാമങ്ങളിലെയും 2.5 ലക്ഷം പഞ്ചായത്തുകളിലെയും 10 ലക്ഷം ബൂത്തുകളിലെയും ഓരോ വീടുകളിലും കോൺഗ്രസ് പ്രവർത്തകർ എത്തും.
ഗ്രാമ ബ്ലോക്ക് തലങ്ങളിൽ പദയാത്രകളും ജില്ല തലത്തിൽ കൺവെൻഷനും സംസ്ഥാന തലത്തിൽ റാലിയും യാത്രയുടെ ഭാഗമായി നടക്കും.