ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്‌ത് കോണ്‍ഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ ആദ്യ മന്ത്രിസഭ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ വാഗ്‌ദാനങ്ങളില്‍ അഞ്ചെണ്ണം ആദ്യഘട്ടത്തില്‍ നടപ്പാക്കാന്‍ അംഗീകാരം നല്‍കി മന്ത്രിസഭ യോഗം. പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുമെന്ന് യോഗത്തിന് പിന്നാലെ വാര്‍ത്ത സമ്മേളനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍: സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും സൗജന്യമായി വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിയായ ഗൃഹ ജ്യോതി പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഓരോ കുടുംബത്തിന് പ്രതിമാസം 200 യൂണിറ്റ് വൈദ്യുതിയാണ് സൗജന്യമായി നല്‍കുക. മാസം തോറും ഇതിനായി ഏകദേശം 1200 കോടി രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗൃഹ ലക്ഷ്‌മി യോജന പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബനാഥകള്‍ക്കും മാസം തോറും 2000 രൂപ അവരുടെ അക്കൗണ്ടിലെത്തും. അന്നഭാഗ്യ യോജനയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഓരോ മാസവും 10 കിലോ അരി സൗജന്യമായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് എല്ലാ മാസവും 3000 രൂപ വീതം നല്‍കുമെന്നും എന്നാല്‍ സ്വകാര്യ- സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ലഭിക്കുന്ന മുറയ്‌ക്ക് ഇത് നിര്‍ത്തലാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണാടകയിലെ മുഴുവന്‍ സ്‌ത്രീകള്‍ക്കും സൗജന്യ ബസ് യാത്രയും അനുവദിക്കും. പ്രകടന പത്രികയിലെ ഈ അഞ്ച് വാഗ്‌ദാനങ്ങളാണ് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ പരിഗണിക്കുക. നടപ്പിലാക്കാനിരിക്കുന്ന ഈ അഞ്ച് പദ്ധതികളും അടുത്ത മന്ത്രിസഭ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്‌ത് ഔദ്യോഗികമായി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത മന്ത്രിസഭ ഒരാഴ്‌ചക്കുള്ളില്‍: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിച്ച കോണ്‍ഗ്രസ് ഒരാഴ്‌ചക്കുള്ളില്‍ രണ്ടാം മന്ത്രിസഭ യോഗം ചേരും. സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കുന്നതെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് സിദ്ധരാമയ്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കണ്‌ഠീരവ സ്റ്റേഡിയത്തിലെ ചരിത്ര മുഹൂര്‍ത്തം: ബെംഗളൂരുവിലെ കണ്‌ഠീരവ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് എട്ട് കാബിനറ്റ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, എഐസിസി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻസിപി നേതാവ് ശരദ് പവാർ, ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, മെഹ്‌ബൂബ മുഫ്‌തി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ആർഎസ്‌പി പ്രസിഡന്‍റ് എൻകെ പ്രേമചന്ദ്രൻ, സിപിഐ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, വികെ പ്രസിഡന്‍റ് ഡോ. ടി തിരുമാളവാളൻ, ആർഎൽഡി പ്രസിഡന്‍റ് ജയന്ത് ചൗധരി, നടൻ കമൽ ഹാസൻ തുടങ്ങി ആയിരക്കണക്കിന് പ്രമുഖരെ സാക്ഷി നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്.
സത്യപ്രതിജ്ഞയ്‌ക്ക് ശേഷം അധികാരമേറ്റ നേതാക്കളെല്ലാം കൈകോര്‍ത്ത് വേദിയില്‍ ആഹ്ലാദ പ്രകടനം നടത്തി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ ബിജെപി സര്‍ക്കാറുമായി ഏറ്റുമുട്ടാനുള്ള വീറും വാശിയുമെല്ലാം ഈ ആഹ്ലാദ പ്രകടത്തില്‍ പ്രകടമായിരുന്നു.