ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള കോൺഗ്രസിന്‍റെ സ്ഥിതി വിലയിരുത്താൻ ജി-23 നേതാക്കൾ ബുധനാഴ്‌ച (16.03.2022) കപിൽ സിബലിന്‍റെ വസതിയിൽ യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തോൽവിക്ക് ശേഷവും സോണിയാഗാന്ധി അധ്യക്ഷയായി തുടരുന്നതിന് സിഡബ്ല്യുസി അംഗീകാരം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം.
തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടാകണമെങ്കിൽ നേതൃതലത്തിൽ ഉൾപ്പെടെ അഴിച്ചുപണി ആവശ്യമാണെന്ന് വിശ്വസിക്കുന്ന കോൺഗ്രസിലെ പല പ്രവർത്തകരെയും യോഗത്തിൽ ക്ഷണിച്ചിട്ടുള്ളതായാണ് ജി-23 ഗ്രൂപ്പുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. നേതൃത്വത്തെ വലിയ രീതിയിൽ വിമർശിക്കുന്ന (ജി-23) സംഘം, പാർട്ടിയിൽ സംഘടനാപരമായ പുനഃസ്ഥാപനം ആവശ്യപ്പെട്ട് 2020ൽ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ട അതേ ദിവസമാണ് ജി-23 നേതാക്കളുടെയും യോഗം ചേരാനുള്ള തീരുമാനം.
പാർട്ടി നേതൃനിരയിൽ നിന്നും ഗാന്ധിമാർ (രാഹുല്‍, സോണിയ, പ്രിയങ്ക) മാറിനിൽക്കണമെന്നും കോൺഗ്രസിനെ നയിക്കാൻ മറ്റ് നേതാക്കൾക്കും അവസരം നൽകണമെന്നും കപിൽ സിബൽ തന്‍റെ പുതിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു. അതേസമയം കാലക്രമേണ ദുർബലമാകുന്ന ജി-23യിൽ നിന്ന് മുതിർന്ന നേതാവ് എം വീരപ്പ മൊയ്‌ലി പിന്മാറിയതും, ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതും, മുകുൾ വാസ്‌നിക് അടുത്ത കാലത്തായി യോഗങ്ങളിൽ പങ്കെടുക്കാത്തതും വലിയ തിരിച്ചടിയായി.
ALSO READ: തെരഞ്ഞെടുപ്പിലെ തോൽവി; അഞ്ച് സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി