ന്യൂഡല്‍ഹി : അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയ്ക്ക് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിന് പിന്നാലെയാണ് രാജി ആവശ്യവുമായി കോണ്‍ഗ്രസ് എത്തിയത്.
രാജ്യം കൊവിഡിനെതിരെ പോരാടുമ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി അഴിമതിയ്ക്കായി പോരാടുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ ദിനേഷ് ഗുണ്ടുറാവു, എഐസിസി വക്താവ് ഗൗരവ് വല്ലഭ് എന്നിവര്‍ ആരോപിച്ചു.
Also read: കർണാടക ഗവർണറായി തവർചന്ദ് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്‌തു
യെദ്യൂരപ്പ മുഖ്യമന്ത്രിപദം ഒഴിയണമെന്നും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. എം സുധേന്ദ്ര റാവുവാണ് യെദ്യൂരപ്പയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ പദവിയ്ക്ക് വേണ്ടി 16 കോടി ആവശ്യപ്പെട്ടെന്നായിരുന്നു റാവുവിന്‍റെ ആരോപണം.
യെദ്യൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര ഉള്‍പ്പെടെയുള്ള കുടുംബാഗങ്ങള്‍ കൈക്കൂലിയായി 60 കോടി രൂപ കൈപ്പറ്റിയെന്നും റാവു ആരോപിച്ചിരുന്നു.