ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകണമെന്ന് കോൺഗ്രസ്. കൃത്യമായ കൊവിഡ് മരണസംഖ്യ ഒരിക്കൽ കൂടി കണക്കാക്കണമെന്നും പാർട്ടി വക്താവ് സുപ്രിയ ശ്രിനേറ്റ് ആവശ്യപ്പെട്ടു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നൽകാമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ ഈ തുക ഒരിക്കലും ആശ്വാസകരമാകില്ലെന്ന് സുപ്രിയ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകണം. പെട്രോളിനും ഡീസലിനും നികുതി ഏർപ്പെടുത്തി രാജ്യത്തെ ജനങ്ങളിൽ നിന്നും സമ്പാദിച്ചതിന്‍റെ വെറും അഞ്ച് ശതമാനം മാത്രമാണ് കേന്ദ്രത്തോട് നഷ്‌ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ALSO READ: പെഗാസസ് അന്വേഷണം; പ്രത്യേക സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി
കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാനങ്ങള്‍ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് (എസ്‌ഡിആർഎഫ്) 50,000 രൂപ ധനസഹായമായി നല്‍കണമെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതികരണം.
രാജ്യത്തെ കൊവിഡ് മരണസംഖ്യ നിലവിൽ കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. എല്ലാ സംസ്ഥാനങ്ങളിലും പുതിയ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട സുപ്രിയ യഥാർഥ കണക്കുകൾ മറയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആരോപിച്ചു.