ലക്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്രയുടെ നിര്‍ദേശപ്രകാരമാണ് ലഖിംപൂർ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു. അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്നും അജയ് കുമാർ ലല്ലു ആവശ്യപ്പെട്ടു.
അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് കേസ് അന്വേഷിക്കുന്ന യുപി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാണെന്നും കോൺഗ്രസ് നേതാവ് ചൂണ്ടികാട്ടി. അജയ് മിശ്രയെ പുറത്താക്കുന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടതെന്നും ലല്ലു ചോദിച്ചു.
ലഖിംപൂര്‍ ഖേരിയില്‍ വാഹനം പാഞ്ഞുകയറി നാല് കര്‍ഷകരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ ആകെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആശിഷ് മിശ്ര ഉൾപ്പെടെ 14 പേർക്കെതിരെ തിങ്കളാഴ്‌ച പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.
ആശിഷ് മിശ്രയാണ് കേസിലെ മുഖ്യപ്രതി. ആശിഷ് മിശ്ര സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദ്രകുമാർ ശുക്ലക്കെതിരെ തെളിവ് നശിപ്പിച്ചുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും ലല്ലു പറഞ്ഞു. അജയ് മിശ്രയുടെ അനുവാദം ഇല്ലാതെ ഇത്രയും വലിയ സംഭവം നടക്കില്ലെന്നും ലല്ലു ആരോപിച്ചു.
ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങളും കുറ്റവാളികളേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലേയെന്നും ലല്ലു പരിഹസിച്ചു. കർഷകരെ കൂട്ടക്കൊല ചെയ്‌ത സംഭവം ഉത്തര്‍പ്രദേശിലെ ജനങ്ങൾ ഒരിക്കലും മറക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജനം ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.
Also read: സിഐഎസ്‌എഫ് പരിശീലനത്തിനിടെ തലയ്ക്ക് വെടിയേറ്റ കുട്ടി മരിച്ചു