ന്യൂഡല്‍ഹി : ഇ.ഡി ഓഫിസിനുമുന്നില്‍ പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ച ഡല്‍ഹി പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാരുടെ സംഘം ഇന്ന് ലോക്‌സഭ സ്‌പീക്കറെ കാണും. കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ സ്‌പീക്കര്‍ ഓം ബിര്‍ലയെ കാണുക.
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് എംപിമാരും മുഖ്യമന്ത്രിമാരും അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി ഓഫിസിന് മുന്നിലും ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തും പ്രതിഷേധം സംഘടിപ്പിച്ചത്. മാര്‍ച്ചിന് പൊലീസ് അനുമതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നേതാക്കളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ആധിര്‍ രഞ്ജന്‍ ചൗധരിയും, കെ.സി വേണുഗോപാലുമടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് കാണിച്ച് ഡല്‍ഹി പൊലീസിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അസിസ്റ്റന്‍റ് കമ്മിഷണറെ കണ്ടിരുന്നു.
കൂടാതെ ഡല്‍ഹി പൊലീസിന്‍റെ അക്രമം വിവരിക്കുന്ന വിശദമായ പരാതിയും കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. അതേസമയം നാഷണല്‍ ഹെറാള്‍ഡ് സാമ്പത്തിക ക്രമക്കേട് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ.ഡി ഇന്നലെയും ചോദ്യം ചെയ്‌തു. മൂന്ന് ദിവസമാണ് വയനാട് എംപി കൂടിയായ അദ്ദേഹത്തെ ഇ.ഡി തുടര്‍ച്ചയായി ചോദ്യം ചെയ്‌തത്. വെളളിയാഴ്‌ച രാഹുല്‍ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും.