ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ 81 സീറ്റുകളില്‍ തീരുമാനമായി. 10 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഞായറാഴ്‌ച ഔദ്യോഗികമായി പ്രഖ്യാപിക്കും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടു. തുടര്‍ ചര്‍ച്ചകള്‍ക്കും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തുടരും. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കേരളത്തിലേക്ക് തിരിക്കും.
മുസ്ലിംലീഗ് 27 സീറ്റുകളില്‍ മത്സരിക്കും. കേരള കോണ്‍ഗ്രസ് പത്ത് സീറ്റുകളിലാണ് മത്സരിക്കുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് കേരള കോണ്‍ഗ്രസ് മത്സരിക്കുക. ആര്‍എസ്‌പിക്ക് അഞ്ച് സീറ്റുകളാണ് നല്‍കിയത്. മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലാണ് ആര്‍എസ്‌പി മത്സരിക്കുക. എന്‍സിപി ഏലത്തൂര്‍, പാല സീറ്റുകളിലും ജനതാദള്‍ മലമ്പുഴയിലും സിഎംപി നെന്മാറയിലും കേരള കോണ്‍ഗ്രസ് ജേക്കബ് പിറവത്തും മത്സരിക്കും. ആര്‍എംപി ഘടകകക്ഷിയല്ലെങ്കിലും വടകരയില്‍ കെകെ രമ മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
എംപിമാര്‍ ആരും തന്നെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.