ബെംഗളുരു: കർണാടകയിലെ ശിവമോഗയിൽ വരാനിരിക്കുന്ന വിമാനത്താവളത്തെച്ചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും നേർക്കുനേർ. അടുത്തിടെ പുറത്തിറക്കിയ വിമാനത്താവളത്തിന്‍റെ ടെർമിനലിന്‍റെ മാതൃക വിവാദമായതിനെത്തുടർന്നാണ് ഇരുപാർട്ടികൾക്കിടയിലും പ്രശ്നം രൂക്ഷമാവാന്‍ കാരണം. കഴിഞ്ഞ വർഷം കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് 220 കോടി രൂപയാണ് മുതൽമുടക്ക്.
സോഗാനിലാണ് വിമാനത്താവളത്തിന്‍റെ പണി നടക്കുന്നത്. റൺവേയുടെ അറുപത് ശതമാനം ജോലികൾ ഇതിനകം പൂർത്തിയായെങ്കിലും ടെർമിനലിന്‍റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ടെർമിനലിന്‍റെ രൂപരേഖ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
Also read: സ്വന്തമായി ലംബോർഗിനി നിർമിച്ച് യുവാവ്; വാഹനം കാണാൻ സന്ദർശകത്തിരക്ക്
- താമര; മഹാലക്ഷ്മിയുടെ പ്രതീകം
എന്നാൽ ബിജെപിയുടെ പാർട്ടി ചിഹ്നമായ താമരയോട് ഇതിന് സാമ്യമുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തുകയായിരുന്നു. ബിജെപിയുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് എയർപോർട്ട് ടെർമിനൽ നിർമ്മിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ താമര മഹാലക്ഷ്മി ദേവിയുടെ പ്രതീകമാണെന്നും കോൺഗ്രസ് നേതാക്കൾ ഇതിനെ എതിർക്കുന്നതിൽ അർഥമില്ലെന്നും മന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞു. 'കൈപ്പത്തി' കോൺഗ്രസിന്‍റെ പാർട്ടി ചിഹ്നമായതിനാൽ കൈ വെട്ടാന്‍ കഴിയുമോയെന്നും ഈശ്വരപ്പ പരിഹസിച്ചു.
ശിവമോഗയിൽ വിമാനത്താവളം നിർമ്മിക്കാൻ 2008 ൽ അനുമതി ലഭിച്ചു. സാങ്കേതിക കാരണങ്ങളാൽ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പിന്നീട് നിർത്തിവെക്കുകയായിരുന്നു. ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം വിമാനത്താവള പദ്ധതിയിലെ എല്ലാ തടസ്സങ്ങളും മുഖ്യമന്ത്രി നീക്കി. അടുത്ത വർഷം ഏപ്രിലിൽ വിമാനത്താവളത്തിന്‍റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു.