അശോക് ഗെലോട്ട് സർക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനമറിയാനുള്ള നീക്കം സജീവമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ്. പാർട്ടി, സംസ്ഥാന സർക്കാര്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലോ ഏകോപനത്തിലോ പാളിച്ചകള്‍ ഉണ്ടോയെന്ന് നോക്കുകയാണ് പ്രധാന ലക്ഷ്യം. ഈ വര്‍ഷം അവസാനമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായി പാളിച്ചകള്‍ നീക്കി രാജസ്ഥാന്‍ നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.
'ഞങ്ങൾ സംസ്ഥാനത്തെ വിവിധ നിയമസഭ സീറ്റുകള്‍ സന്ദര്‍ശിക്കുകയും സർക്കാരിന്‍റെ ക്ഷേമപദ്ധതികളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം തേടുകയും ചെയ്യും. പാർട്ടിക്കുള്ളിലും പുറമെ സംസ്ഥാന സർക്കാരിലും ഏന്തെങ്കിലും തരത്തില്‍ ഏകോപനത്തില്‍ കുഴപ്പമുണ്ടോയെന്ന് ഞങ്ങൾ പ്രവർത്തകരോട് ചോദിക്കും.' - രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എസ്‌എസ് രൺധാവ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
രാജസ്ഥാനിലെ മറ്റ് എഐസിസി സെക്രട്ടറിമാരായ ഖാസി നിസാമുദ്ദീൻ, പിസിസി മേധാവി ഗോവിന്ദ് സിങ് ദോട്ടസാര ഉൾപ്പെടെയുള്ള മുതിർന്ന സംസ്ഥാന നേതാക്കളും ഇതിനായി സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്നുണ്ട്. പുറമെ ഇവരോടൊപ്പം വീരേന്ദ്ര റാത്തോഡ്, അമൃത ധവാൻ തുടങ്ങിയവരുമുണ്ടാവും. ക്ഷേമപദ്ധതികൾ മുൻനിർത്തി അധികാരത്തിലേറിയ ഗെലോട്ട് സർക്കാരിന് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 2008 - 2013 കാലത്ത് ഗെലോട്ട് സർക്കാര്‍, സൗജന്യ മരുന്നുകൾ ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികളായിരുന്നു നടപ്പാക്കിയിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഇത് ഫലം കണ്ടില്ല.
ശ്രദ്ധ ക്ഷേമ പദ്ധതികളുടെ പ്രചാരണത്തില്‍: ആരോഗ്യ അവകാശ നിയമം, 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ എന്നിവ അടക്കമാണ് ഗെലോട്ട് സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതികള്‍. ഇത്തരം പദ്ധിതികള്‍ എടുത്തുകാട്ടിയാണ് 2023ല്‍ ഗെലോട്ടും കോണ്‍ഗ്രസും സംസ്ഥാനം പിടിക്കാന്‍ ഒരുങ്ങുന്നത്. വിവിധ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്ക് രൺധാവയും ഗെലോട്ടും ദോട്ടസാരയും വിവിധ പാർട്ടി എംഎൽഎമാരുമായി ചേര്‍ന്ന് കൂടിക്കാഴ്‌ച നടത്തിയത് ശ്രദ്ധേയമായിരുന്നു.
'ഏത് സർക്കാരും തങ്ങളുടെ നേട്ടങ്ങൾ പരസ്യപ്പെടുത്തുന്നത് സ്വാഭാവികമാണ്. ഗെലോട്ട് സർക്കാരും അത് തന്നെയാണ് ചെയ്യുന്നത്. വിവിധ ക്ഷേമ പദ്ധതികളുടെ പ്രചാരണ ക്യാമ്പുകളുടെ മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പോകുന്നുണ്ട്. ഞങ്ങളും ക്യാമ്പുകൾ സന്ദർശിക്കും.' - രാജസ്ഥാന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഖാസി നിസാമുദ്ദീൻ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.
ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളില്‍ നിന്നും പരമാവധി വോട്ടുകള്‍ സമാഹരിക്കുകയാണ് ലക്ഷ്യം. എന്നാല്‍, ഇത് പൂര്‍ണമായും ഫലം കാണാന്‍ പാർട്ടിക്ക് കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ എഐസിസിക്കുള്ളിൽ തന്നെ ആശങ്കയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങൾ തുറന്നുസമ്മതിക്കുന്നു. 'ക്ഷേമ പദ്ധതികള്‍ വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പ്രവര്‍ത്തകരുടെ പ്രതികരണത്തിലൂടെ മനസിലാക്കാൻ ഞങ്ങളെ സഹായിക്കും. ഗുണഭോക്താക്കളുടെ നീണ്ട ലിസ്റ്റ് ഭരണ വിരുദ്ധ വികാരം നേർപ്പിക്കാൻ സഹായിക്കും. ജനങ്ങള്‍ പാർട്ടിക്ക് തന്നെ വോട്ട് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ധാരാളം ഗ്രൗണ്ട് ലെവൽ പണികള്‍ ചെയ്യേണ്ടതുണ്ട്.' - ഒരു എഐസിസി ഭാരവാഹി പറഞ്ഞു.
നടപ്പാക്കുന്നത് രാഹുലിന്‍റെ ഐഡിയ: കഴിഞ്ഞ വർഷം ഭാരത് ജോഡോ യാത്ര സംസ്ഥാനത്തിലൂടെ കടന്നുപോയപ്പോൾ പാർട്ടി പ്രവർത്തകരുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള പ്രാധാന്യം രാഹുല്‍ എടുത്തു പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ നിർദേശത്തെ തുടര്‍ന്ന് പ്രവര്‍ത്തകരുടെ അഭിപ്രായമെടുപ്പ് ആരംഭിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടേയും വോട്ടർമാരുടേയും പ്രശ്‌നങ്ങളെക്കുറിച്ച് അറിയാനും നേരിട്ട് വിവരങ്ങൾ തിരക്കാനും അവ പരിഹരിക്കാൻ ശ്രമിക്കാനുമായിരുന്നു രാഹുലിന്‍റെ നിര്‍ദേശം.
സംസ്ഥാന മന്ത്രിമാരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ അത് നടപ്പായില്ല. ഇക്കാരണം കൊണ്ടുതന്നെ രൺധാവ തന്‍റെ മൂന്ന് ഡെപ്യൂട്ടിമാരായ ഖാസി, റാത്തോഡ്, അമൃത എന്നിവരെ അവർക്ക് അനുവദിച്ച ജില്ലകളിൽ ഇടപെടാന്‍ നിര്‍ദേശിച്ചു. ബൂത്ത് തലത്തിൽ വോട്ടർമാരെ അണിനിരത്താൻ പ്രവർത്തകരോടൊപ്പം സമയം ചെലവഴിക്കാനും പറയുകയുണ്ടായി. 'ഞങ്ങളുടെ ബൂത്ത് ലെവൽ ടീമുകളെ ചുമതലപ്പെടുത്തിയാൽ, അത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മാത്രമല്ല 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും സഹായകരമാവും' - എഐസിസി ഭാരവാഹി ഖാസി നിസാമുദ്ദീൻ ഇടിവി ഭാരത് പ്രതിനിധിയോട് പറഞ്ഞു.