ചെന്നൈ: കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് തുടക്കമാകും. യാത്രക്ക് മുന്നോടിയായി ബുധനാഴ്‌ച(സെപ്‌റ്റംബര്‍ 7) പിതാവ് രാജീവ് ഗാന്ധിയുടെ ശ്രീപെരുംപുത്തൂരിലെ സ്‌മാരകത്തില്‍ പുഷ്‌പാര്‍ച്ചന നടത്തി. 1991 മെയ് 21ന് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനിടെയാണ് ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധി ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാർ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ പ്രാർഥന യോഗത്തിൽ പങ്കെടുത്തു. സ്‌മാരക സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ഗാന്ധി കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 1 മണിയോടെ ഹെലികോപ്‌ടറിലാണ് രാഹുല്‍ ഗാന്ധി കന്യാകുമാരിലേക്ക് തിരിച്ചത്.
വൈകീട്ട് തിരുവള്ളൂര്‍, വിവേകാനന്ദ, കാമരാജ് സ്‌മാരകങ്ങള്‍ തുടങ്ങിയവയും രാഹുല്‍ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിയോടെ രാഹുല്‍ ഗാന്ധി കന്യാകുമാരിയിലെത്തും. തുടര്‍ന്ന് കന്യാകുമാരിയിലെ മഹാത്മഗാന്ധി മണ്ഡപത്തിലെ പ്രാര്‍ഥന യോഗത്തില്‍ പങ്കെടുക്കും.
യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധി മണ്ഡപത്തില്‍ നിന്ന് ഏറ്റുവാങ്ങും. പതാക ഫ്ലാഗ് ഓഫ് ചെയ്ത് യാത്രക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ നോതാക്കളും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിക്കുന്നത്. 2024 ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സർക്കാരിനെ നേരിടുന്നതിനും രാജ്യത്തെ നിലവിലെ വിലക്കയറ്റ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്‌മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സര്‍ക്കാറിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കുന്നത്.
കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം നീളുന്നതാണ് യാത്ര. അഞ്ച് മാസത്തേളം നീണ്ടുനില്‍ക്കുന്ന പദയാത്രയില്‍ 3,570 കിലോ മീറ്ററാണ് രാഹുല്‍ ഗാന്ധി നടന്ന് തീര്‍ക്കുക. ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന പദയാത്ര സെപ്‌റ്റംബര്‍ 11ന് കേരളത്തിലെത്തും.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്ന് വരുമോ എന്നുള്ളതും പദയാത്രക്ക് ഇടയില്‍ അറിയാനാകും. രാജ്യത്തെ കോണ്‍ഗ്രസിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടി ലക്ഷ്യമിട്ടാണ് യാത്ര. യാത്രയുടനീളം 300 പേര്‍ രീഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാകും.
രാജ്യ വ്യാപകമായി യാത്ര നടത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ താമസ സ്ഥലത്തെ കുറിച്ച് നിലവില്‍ ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഒരു ഹോട്ടലിലും തങ്ങില്ലെന്നും യാത്ര മുഴുവൻ ലളിതമായി പൂർത്തിയാക്കുമെന്നും പാർട്ടി വ്യക്തമാക്കി. അടുത്ത 150 ദിവസം രാഹുല്‍ ഗാന്ധി സ്ലീപ്പിംഗ് ബെഡ്‌സ്, ടോയ്‌ലറ്റുകൾ, എസി എന്നിവ സ്ഥാപിച്ച കണ്ടെ്യ്‌നറിലാണ് താമസിക്കുക.
യാത്ര ചെയ്ത് എത്തുന്ന വിവിധ സ്ഥലങ്ങളിലെ താപനിലയും പരിസ്ഥിതിയും വ്യത്യസ്തമായിരിക്കും. ഇത്തരത്തിലുള്ള കടുത്ത ചൂടും ഈര്‍പ്പവും കണക്കിലെടുത്താണ് താമസം ക്രമീകരിച്ചിരിക്കുന്നത്.