ലഖ്‌നൗ : നാല് കർഷകർ ഉൾപ്പടെ എട്ട് പേരുടെ മരണത്തിനിടയാക്കിയ ലഖിംപുർ ഖേരി സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഞായറാഴ്‌ച വാരണാസിയിൽ 'കിസാൻ ന്യായ്' റാലി നടത്താന്‍ കോൺഗ്രസ്. 'ചലോ ബനാറസ്' എന്നതാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭിസംബോധന ചെയ്യുന്ന റാലിയുടെ മുദ്രാവാക്യം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയെ പുറത്താക്കുക, ലഖിംപുർ അക്രമത്തിന് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യുക, മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ ന്യായ് റാലി.
കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് കുമാർ മിശ്രയുടെ പേര് ലഖിംപുർ ഖേരി ആക്രമണത്തിന്‍റെ എഫ്ഐആറിലുണ്ട്. സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ബിജെപിക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തുണ്ട്.
Also Read: കശ്‌മീർ തീവ്രവാദി ആക്രമണം : ലഫ്റ്റനന്‍റ് ഗവർണര്‍ അമിത് ഷായെ കാണും
ആക്രമണം നടന്നയുടൻ ലഖിംപുരിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് പിഎസി ഗസ്റ്റ് ഹൗസിൽ തടങ്കലിലാക്കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇവിടം താല്‍ക്കാലിക ജയിലാക്കുകയായിരുന്നു.
ബുധനാഴ്‌ച പുറത്തിറങ്ങിയ പ്രിയങ്ക രാഹുൽ ഗാന്ധിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമൊപ്പം കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് എല്ലാ സഹായങ്ങളും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
വാരണാസിയിലെ ജഗത്പൂർ ഇന്‍റർ കോളജ് ഗ്രൗണ്ടിലാണ് ഞായറാഴ്‌ചത്തെ കിസാൻ ന്യായ് റാലി.