President`s Rule: കർണാടകയിൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. സംസ്ഥാനത്തെ ഭരണഘടനാ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നാരോപിച്ച് കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘം ഗവർണർ തവർചന്ദ് ഗെലോട്ടിനെ കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു.
വിവിധ പദ്ധതികൾക്കുള്ള ചെലവിന്‍റെ 40 ശതമാനവും സർക്കാർ ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും കമ്മീഷനായി നൽകേണ്ടിവരുന്നുവെന്ന കർണാടക സ്റ്റേറ്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്‍റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് മെമ്മോറാണ്ടം സമർപ്പിച്ചത്. 2021 ജൂലൈ ആറിന് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ മേൽപറഞ്ഞ ആരോപണങ്ങളിൽ സുപ്രീം കോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ALSO READ: Earthquake hits Mizoram's Thenzawl: മിസോറാമിലെ തെൻസാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസൃതമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് കർണാടക സർക്കാരിൽ നിലനിൽക്കുന്നത്. കോൺട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഉന്നയിക്കുന്നതനുസരിച്ച് പൊതുമരാമത്ത്, ജലസേചനം, പഞ്ചായത്ത് രാജ്, ആരോഗ്യ- മെഡിക്കൽ വിദ്യാഭ്യാസം, ബിബിഎംപി (BBMP) മുതലായ മേഖലകളിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മന്ത്രിമാർ, നിയമസഭാംഗങ്ങൾ, ലോക്‌സഭാംഗങ്ങൾ, ബന്ധപ്പെട്ട വകുപ്പുകളിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് കരാറുകാർ 40 ശതമാനത്തിലധികം കമ്മീഷൻ നൽകേണ്ടതായി വരുന്നുവെന്നതും ജനാധിപത്യവിരുദ്ധമായി കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഇ-പ്രൊക്യുർമെന്‍റ് സെർവറുകളിൽ കൃത്രിമം നടത്തുന്നതിന് ചില കോൺട്രാക്ടർമാർ പ്രൊഫഷണൽ ഹാക്കർമാരെ നിയമിച്ച് ടെൻഡറുകൾ അനുവദിക്കുന്നതായി നേരത്തേ തന്നെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില രാഷ്ട്രീയ പ്രവർത്തകരാണ് ഇതിന് പിന്നിലെന്ന് കോൺട്രാക്ടേഴ്‌സ് അസോസിയേഷനും അവർ സമർപ്പിച്ച മെമ്മോറാണ്ടത്തിൽ ആരോപിച്ചിരുന്നു.
എന്നാൽ മെമ്മോറാണ്ടം നൽകി നാല് മാസം പിന്നിട്ടിട്ടും കർണാടക സർക്കാരിനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയും മറ്റ് ബന്ധപ്പെട്ട അധികാരികളും നടപടിയെടുക്കാത്തത് രാജ്യത്തെ നിയമം അനുസരിക്കുന്ന പൗരന്മാരുടെ മനസിൽ വളരെയധികം പരിഭ്രാന്തിയും ഉത്കണ്ഠയും ഉണ്ടാക്കുമെന്നും ഗവർണർക്ക് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ കോൺഗ്രസ് വ്യക്തമാക്കി.